ഇന്നും ദലിതന് കുതിരപ്പുറത്ത് കയറാൻ അനുവാദമില്ല, ജാതി സെൻസസ് നിർണായകമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമൂഹത്തിൽ വിവേചനം പരിഹരിക്കുന്നതിനും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നിർണായകമാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മേധാവിയുമായ ചിരാഗ് പാസ്വാൻ. ഇന്നും ഒരു ദലിതന് ജാതി കാരണം കുതിരപ്പുറത്ത് കയറാൻ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.
നെറ്റ്‍വർക്ക് 18 സംഘടിപ്പിച്ച പവറങ് ഭാരത് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹം ഇപ്പോഴും ജാതിയുടെ പേരിൽ വിഭജിക്കപ്പെട്ടിരിക്കുന്നതിനാലും അത് വിവേചനത്തിന്റെ അന്തരീക്ഷത്തിലേക്ക് നയിക്കുന്നതിനാലും ഞാൻ ജാതി സെൻസസിനെ പിന്തുണയ്ക്കുന്നു. ഇന്നും ഒരു ദലിതന് അവരുടെ ജാതി കാരണം കുതിരപ്പുറത്ത് കയറാൻ അനുവാദമില്ല -അദ്ദേഹം പറഞ്ഞു.
ചരിത്രപരമായി അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉന്നമിപ്പിക്കുന്നതിന് കൃത്യമായ ഡാറ്റ നയരൂപകർത്താക്കൾക്ക് നൽകാൻ ജാതി സെൻസസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിൽ ആളുകളെ ഭിന്നിപ്പിച്ചതിന് പല രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്നും അദ്ദേഹം വിമർശിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിനുള്ള ഒരു സുപ്രധാന സംവിധാനമാണെന്ന് ജാതി സെൻസസിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചു. എല്ലാ മേഖലകളിലും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

