ബി.ജെ.പി നാലു വർഷം ഭരിച്ചിട്ടും നേതാവ് അൻവറിന്‍റെ ഘാതകർ പുറത്തു തന്നെ
text_fieldsമുഹമ്മദ് അൻവർ
മംഗളൂരു: ബി.ജെ.പി ന്യൂനപക്ഷ മോർച്ച പ്രസിഡന്റും പാർട്ടി ചിക്കമംഗളൂരു യൂനിറ്റ് ജനറൽ സെക്രട്ടറിയുമായിരുന്ന ഉപ്പാളി മുഹമ്മദ് അൻവർ (40) വധക്കേസ് അന്വേഷണം അഞ്ചു വർഷം പിന്നിടുമ്പോഴും എങ്ങുമെത്തിയില്ല. 2018 ജൂൺ 22ന് രാത്രിയാണ് അൻവർ ഗൗരി എന്ന് അറിയപ്പെട്ട മുഹമ്മദ് അൻവർ അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. കേസ് അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് കുടുംബം ശനിയാഴ്ച ചിക്കമംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണർക്ക് നിവേദനം നൽകി.
ശരീരത്തിൽ 13 വെട്ടുകളേറ്റു എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ഹൃദയം തുടങ്ങി ആന്തരാവയവങ്ങൾക്ക് പരിക്കേറ്റിരുന്നു.
സുഹൃത്ത് രഘുവിന്റെ വീട്ടിൽ നിന്ന് രാത്രി 9.30ഓടെ ഇറങ്ങി സ്വന്തം വീട്ടിൽ എത്താറായ വേളയിലായിരുന്നു അക്രമം. നിലവിളി കേട്ട് രഘുവിന്റെ വീട്ടുകാർ ഓടിയെത്തിയപ്പോൾ അൻവർ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടിരുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോൺഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായ സർക്കാർ ഭരണത്തിലുണ്ടായിരുന്ന സമയം നടന്ന കൊലപാതകത്തിൽ ബി.ജെ.പി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്രക്ഷോഭങ്ങളിൽ അന്നത്തെ ചിക്കമംഗളൂറു എം.എൽ.എ സി.ടി. രവിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഉടുപ്പി-ചിക്കമഗളൂരു എം.പി ശോഭ കാറന്ത് ലാജെയും തീപ്പൊരി പ്രസംഗങ്ങൾ നടത്തി. അക്രമാസക്തമായ ആൾക്കൂട്ടത്തെ ഇപ്പോഴത്തെ ബി.ജെ.പി തമിഴ്നാട് അധ്യക്ഷനായ അന്നത്തെ ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ. അണ്ണാമലൈ ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്.
ശോഭ 2019ലെ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് കേന്ദ്ര മന്ത്രിയായി. രവി കർണാടകയിൽ മന്ത്രിയായും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ ഖദീജയേയും പത്താം ക്ലാസ് വിദ്യാർഥികളായ ഇരട്ടക്കുട്ടികളേയും അനുജൻ അബ്ദുൽ കബീറിനേയും അനാഥരാക്കിയായിരുന്നു കേബ്ൾ ടി.വി സ്ഥാപനം നടത്തി വന്ന അൻവറിന്റെ അന്ത്യം.
അദ്ദേഹത്തിന്റെ പാർട്ടി കുടുംബത്തെ തിരിഞ്ഞു നോക്കാത്തതിനൊപ്പം കേസും കൈവിട്ടു. അൻവർ ഘാതകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കുടുംബം 2019ൽ നിരാഹാര സത്യഗ്രഹം നടത്തിയിരുന്നു. ഇതേത്തുടർന്ന് ബി.ജെ.പി സർക്കാർ കേസ് സി.ഐ.ഡിക്ക് കൈമാറിയെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല.
ഘാതകരെ അറസ്റ്റ് ചെയ്യണം എന്നതിനൊപ്പം ഇനിയും അതിന് സാധിക്കുന്നില്ലെങ്കിൽ കുടുംബത്തിന് ദയാവധം വിധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടതായി അബ്ദുൽ കബീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

