മോദിയുമായി ഇനി അഭിമുഖത്തിന് അവസരമൊരുങ്ങിയാലും ഞാൻ ചോദിക്കും -‘നിങ്ങൾക്ക് ഇപ്പോഴും ദാഹം തോന്നുന്നുണ്ടോ...?’ -കരൺ ഥാപ്പർ
text_fieldsകരൺ ഥാപർ
തിരുവനന്തപുരം: നരേന്ദ്ര മോദി ഇറങ്ങിപ്പോയ വിവാദ അഭിമുഖത്തെച്ചൊല്ലി തനിക്ക് ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്നും ഇനിയും അവസരം ലഭിച്ചാൽ അതേ സമീപനംതന്നെയാകും ചോദ്യങ്ങളിൽ ഉണ്ടാവുകയെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ.
അന്നത്തെ അഭിമുഖത്തിൽ കൃത്യമായ ബോധ്യത്തോടെയാണ് ചോദ്യങ്ങൾ ചോദിച്ചത്. ഇനി അഭിമുഖത്തിന് സാഹചര്യം കിട്ടിയാൽ ‘നിങ്ങൾക്ക് ഇപ്പോഴും ദാഹം തോന്നുന്നുണ്ടോ, ഇവിടെ വെള്ളമുണ്ട്, കുടിച്ചോളൂ’ എന്നാകും ആദ്യ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്ററിൽ ആരംഭിച്ച അന്തർദേശീയ മാധ്യമോത്സവത്തിൽ സരസ്വതി നാഗരാജനുമായുള്ള സംവാദത്തിലായിരുന്നു പരാമർശങ്ങൾ. വിവാദ അഭിമുഖത്തിനുശേഷം മോദി തന്നോട് സംസാരിച്ചിട്ടില്ല.
പ്രധാനമന്ത്രിയായ ശേഷം അഭിമുഖം ആവശ്യപ്പെട്ടുള്ള കത്തുകളൊന്നും അദ്ദേഹം പരിഗണിച്ചില്ല. വിവാദ അഭിമുഖം പ്രക്ഷേപണം ചെയ്ത് 24 മണിക്കൂറിനുശേഷമാണ് മോദിയുമായി അവസാനം സംസാരിച്ചത്. ‘നിങ്ങൾ എന്റെ തോളിനുനേരെ തോക്ക് ചൂണ്ടി വെടിയുതിർത്തു’ എന്നായിരുന്നു മോദി പറഞ്ഞത്. അഭിമുഖം മൂന്ന് മിനിട്ട് തികയുംമുമ്പ് താങ്കൾ ഇറങ്ങിപ്പോയതുകൊണ്ടാണ് ഇത്ര വലിയ വാർത്തയാവുകയും പലവട്ടം പ്രക്ഷേപണം ചെയ്യാൻ കാരണമാവുകയും ചെയ്തതെന്ന് താൻ മറുപടി നൽകി. അഭിമുഖം പൂർത്തീകരിച്ചിരുന്നെങ്കിൽ ഒരുവട്ടംകൂടി പ്രക്ഷേപണം ചെയ്യുമായിരുന്നു. പിന്നീട് എല്ലാവരും മറക്കുകയും ചെയ്യുമായിരുന്നെന്ന് താൻ കൂട്ടിച്ചേർത്തു.
‘അതു വിട്ടേക്കൂ’ എന്ന് പറഞ്ഞശേഷം ഡൽഹിയിൽ വീണ്ടും കാണാമെന്നായിരുന്നു മോദിയുടെ പ്രതികരണം. 11 വർഷമായി ഡൽഹിയിലുണ്ടായിട്ടും കൂടിക്കാഴ്ചക്ക് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

