നൂറുതവണ ജനിച്ചാലും രാജ്യത്തെ സ്നേഹിക്കും, ചെയ്യാവുന്നതെല്ലാം ചെയ്തു; സത്യം ലോകത്തിന് മനസിലായി -ശശി തരൂർ
text_fieldsശശി തരൂർ
ന്യൂഡൽഹി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തെന്നും ഇന്ത്യയുടെ നയം ലോകത്തിന് മനസിലായെന്നും കോൺഗ്രസ് എം.പി ശശി തരൂർ. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിദേശ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് തരൂർ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. ലോകത്തിനു മുഴുവൻ സത്യം മനസിലായി. തുറന്ന കാതുകളോടെ കേട്ടവരോടും തുറന്ന മനസ്സോടെ സ്വീകരിച്ചവരോടും നന്ദി അറിയിക്കുന്നുവെന്നും തരൂർ എക്സിൽ കുറിച്ചു.
“നൂറു തവണ ജനിച്ചാലും ഞാൻ എന്‍റെ രാജ്യത്തെ പൂർണഹൃദയത്തോടെ സ്നേഹിക്കും. നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. മുഴുവൻ ലോകത്തിനും ഇപ്പോൾ സത്യം എന്താണെന്ന് അറിയാം. മാതൃരാജ്യത്തിനും രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യാ സ്നേഹികൾക്കും നന്ദി അറിയിക്കുന്നു. തുറന്ന കാതുകളോടെ കേട്ടവരോടും തുറന്ന മനസ്സോടെ സ്വീകരിച്ചവരോടും നന്ദി അറിയിക്കുന്നു. ഞങ്ങൾ അഹിംസയെ സ്നേഹിക്കുന്നവരാണ്, പക്ഷേ ആരെങ്കിലും... ജയ് ഹിന്ദ്!” -എന്നിങ്ങനെയാണ് തരൂരിന്‍റെ കുറിപ്പ്.
സാധാരണ ഗതിയിൽ ഇംഗ്ലിഷിൽ ട്വീറ്റ് ചെയ്യുന്ന തരൂരിന്‍റെ കുറിപ്പ് ഇത്തവണ ഹിന്ദിയിലാണെന്നത് ശ്രദ്ധേയമാണ്. കൊളംബിയ, പാനമ, ഗയാന, ബ്രസീൽ, യു.എസ് എന്നീ രാജ്യങ്ങളാണ് തരൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. പലയിടത്തും ഉന്നതതല ചർച്ച നടത്താനായി. യു.എസിൽ വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസുമായും പാർലമെന്‍ററി സംഘം കൂടിക്കാഴ്ച നടത്തി.
ഓപറേഷൻ സിന്ദൂറിനു പിന്നാലെ കേന്ദ്രസർക്കാറിനെ പുകഴ്ത്തി തരൂർ രംഗത്ത് വന്നത് കോൺഗ്രസിനുള്ളിൽ ചർച്ചയായിരുന്നു. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാകാത്ത നടപടി മോദി പാകിസ്താനെതിരെ സ്വീകരിച്ചെന്ന പരാമർശത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ പലരും തരൂരിനെതിരെ തിരിഞ്ഞു. തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവാകുകയാണെന്നു വരെ വിമർശനമുയർന്നു. പാർട്ടി നേതൃത്വത്തോട് നേരത്തെ തന്നെ കലഹത്തിലായിരുന്ന എം.പി തിരിച്ചെത്തുമ്പോൾ തുടർ നടപടികൾ എന്തായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

