'പട്ടി പോലും കഴിക്കില്ല ഈ ഭക്ഷണം'; പൊട്ടിക്കരഞ്ഞ് യു.പി പൊലീസുകാരൻ -VIDEO
text_fieldsലഖ്നോ: പൊലീസുകാർക്ക് മോശം ഭക്ഷണം നൽകുന്നതിനെതിരെ പ്രതിഷേധിച്ച കോൺസ്റ്റബിളിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. യു.പിയിലെ ഫിറോസാബാദിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പൊലീസ് മെസ്സിൽ നിന്ന് ലഭിച്ച ഭക്ഷണവുമായി പുറത്തിറങ്ങിയാണ് ഇയാൾ പ്രതിഷേധിച്ചത്.
മനോജ് കുമാർ എന്ന പൊലീസ് കോൺസ്റ്റബിളിന്‍റേതാണ് വിഡിയോ. മെസ്സിൽ നിന്ന് കിട്ടിയ റൊട്ടിയും ദാലുമായി ഇയാൾ പുറത്തിറങ്ങുകയായിരുന്നു. '12 മണിക്കൂർ ഞങ്ങൾ ജോലിയെടുക്കണം ഈ ഭക്ഷണവും കഴിച്ചുകൊണ്ട്. ഒരു പട്ടിക്ക് പോലും കഴിക്കാനാവില്ല ഇത്. ഞങ്ങൾക്കും കഴിക്കാനാവുന്നില്ല. വയറിലൊന്നുമില്ലാതെ ഞങ്ങൾ എങ്ങനെ ജോലി ചെയ്യും?' -മനോജ് കുമാർ ചുറ്റും കൂടിയവരോട് കരഞ്ഞുകൊണ്ട് ചോദിച്ചു.
പൊലീസ് സീനിയർ സൂപ്രണ്ടും ഡി.സി.പിയും ചേർന്നുള്ള അഴിമതിയാണ് നടക്കുന്നതെന്ന് മനോജ് കുമാർ ആരോപിച്ചു. പൊലീസുകാർക്ക് നല്ല ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതായിരുന്നു. എന്നാൽ, ഇവർ ചേർന്നാണ് മോശം ഭക്ഷണം നൽകുന്നത്.
മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞപ്പോൾ, താനുൾപ്പെടെയുള്ള താഴ്ന്ന റാങ്കിലെ പൊലീസുകാർ പരാതിപ്പെട്ടാൽ ജോലി തെറിപ്പിക്കുമെന്ന് മെസ്സ് മാനേജർ ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം പറയുന്നു. തുടർന്നാണ് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.
പൊട്ടിക്കരഞ്ഞ മനോജ് കുമാറിനെ മറ്റ് പൊലീസുകാർ ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഫിറോസാബാദ് പൊലീസ് നിർദേശം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

