മാസമൊന്ന് കഴിഞ്ഞിട്ടും അമൃത്പാലിനെ പിടിക്കാനാകാതെ പൊലീസ്
text_fieldsചണ്ഡിഗഢ്: ഖാലിസ്ഥാൻ അനുകൂല തീവ്ര സിഖ് സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃത്പാൽ സിങ്ങിനെ ഒരു മാസമായിട്ടും പിടികൂടാനാകാതെ പഞ്ചാബ് പൊലീസ്. അറസ്റ്റിലായ സംഘടനാപ്രവർത്തകനെ മോചിപ്പിക്കാൻ അജ്നാലയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം മുതൽ അമൃത്പാലിനും അനുയായികൾക്കുമെതിരെ നടപടി ആരംഭിച്ചത്.
ഇതിനിടെ ലണ്ടനിലേക്ക് പോവാനെത്തിയ, അമൃത്പാലിന്റെ പത്നി കിരൺദീപ് കൗറിനെ വ്യാഴാഴ്ച അമൃത്സർ വിമാനത്താവളത്തിൽ തടഞ്ഞു. ഇവരെ എമിഗ്രേഷൻ അധികൃതർ ചോദ്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്രിട്ടനിൽ താമസിക്കുന്ന കിരൺദീപിനെ അമൃത്പാൽ വിവാഹം ചെയ്തത്.
മാർച്ച് 18ന് ആരംഭിച്ച തെരച്ചിലിനിടെ അമൃത്പാൽ രണ്ടു തവണ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഒരു തവണ വാഹനങ്ങൾ മാറിയാണ് രക്ഷപ്പെട്ടത്. മാർച്ച് 28ന് അടുത്ത അനുയായി പാപൽ പ്രീതിനൊപ്പം പഞ്ചാബിലേക്ക് മടങ്ങാൻ ശ്രമിക്കവെ പൊലീസ് വലയൊരുക്കിയെങ്കിലും പാപൽ പ്രീതിനെ മാത്രമാണ് പിടിക്കാനായത്. പാകിസ്താൻ ചാര സംഘടനായായ ഐ.എസ്.ഐയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
സമുദായ സൗഹാർദം തകർക്കാൻ ശ്രമിക്കുന്നു, വധശ്രമം, പൊലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വിവിധ കുറ്റങ്ങളാണ് അമൃത്പാലിനും അനുയായികൾക്കുമെതിരെ ചുമത്തിയത്.
ഒളിവിലിരിക്കെത്തന്നെ പല പൊതു ഇടങ്ങളിലും സാന്നിധ്യമറിയിച്ച് അന്വേഷണ ഏജൻസികളെ നാണംകെടുത്തുന്ന ശൈലിയിലാണ് ഇയാളുടെ നീക്കങ്ങൾ. ഡൽഹിയിലും പട്യാലയിലും കുരുക്ഷേത്രയിലും ഇങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ വിഡിയോകളിൽ പ്രത്യക്ഷപ്പെട്ട് താൻ നിരപരാധിയാണെന്നും ഉടൻ പുറത്തുവരുമെന്നും പറയുന്നുണ്ട്. മറ്റു പലരേയും പോലെ രാജ്യം വിടാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇയാൾ വ്യക്തമാക്കുന്നു.
അതേസമയം, നിയമത്തിനു മുന്നിൽ ഹാജരാകണമെന്ന് അമൃത്പാലിനോട് സിഖ് സമുദായ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അമൃത്പാലിന്റെ അടുത്ത അനുയായി ജോഗ സിങ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് സ്ഥാപിച്ചത്. 29കാരനായ അമൃത്പാൽ ആ വർഷംതന്നെ സംഘടനയുടെ തലവനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

