യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഡൽഹിയിൽ; ഇന്ത്യ വിശ്വസ്ത സുഹൃത്തും തന്ത്രപ്രധാന സഖ്യകക്ഷിയുമെന്ന്
text_fieldsയൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നിന് ഡൽഹിയിൽ നൽകിയ സ്വീകരണം
ന്യൂഡൽഹി: ഇന്ത്യ യൂറോപ്പിന്റെ വിശ്വസ്ത സുഹൃത്തും തന്ത്രപ്രധാനമായ സഖ്യകക്ഷിയുമാണെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ച തലസ്ഥാനത്ത് എത്തിയതായിരുന്നു അവർ. യൂറോപ്യൻ യൂനിയൻ കോളജ് ഓഫ് കമീഷണേഴ്‌സും ഒപ്പമുണ്ട്.
ഇന്ത്യ - യൂറോപ്യൻ യൂനിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ രണ്ടാമത്തെ മന്ത്രിതല യോഗവും ഉഭയകക്ഷി മന്ത്രിതല യോഗങ്ങളും സന്ദർശന വേളയിൽ നടക്കും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തുന്ന ഉർസുല നയതന്ത്രപരമായ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ കൊണ്ടുപോകാമെന്ന് ചർച്ച ചെയ്യുമെന്നും പറഞ്ഞു.
"സംഘർഷങ്ങളുടെയും തീവ്രമായ മത്സരത്തിന്റെയും കാലഘട്ടത്തിൽ, നിങ്ങൾക്ക് വിശ്വസ്തരായ സുഹൃത്തുക്കളെ ആവശ്യമാണ്. യൂറോപ്പിന്, ഇന്ത്യ വളരെ നല്ല സുഹൃത്തും തന്ത്രപ്രധാനമായ സഖ്യകക്ഷിയുമാണ്. നമ്മുടെ നയതന്ത്രപരമായ പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ കൊണ്ടുപോകാമെന്ന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യും- ഉർസുല എക്സിലെ പോസ്റ്റിൽ പറഞ്ഞു.
'യൂറോപ്യൻ കമീഷൻ പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണമാണ് ഡൽഹിയിൽ നൽകിയത്. ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ എസ് പട്ടേൽ അവരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.'-വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ഉർസുലയുടെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2022 ഏപ്രിലിൽ ഒരു ഉഭയകക്ഷി ഔദ്യോഗിക സന്ദർശനത്തിനും, 2023 സെപ്റ്റംബറിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി അവർ നേരത്തെ ഇന്ത്യ സന്ദർശിച്ചിരുന്നു.
യൂറോപ്യൻ യൂനിയൻ കോളജ് ഓഫ് കമീഷണർമാരുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2024 ജൂണിൽ നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം 2024 ഡിസംബറിൽ നിലവിലെ യൂറോപ്യൻ കമീഷന്റെ ഔദ്യോഗികമായ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനങ്ങളിലൊന്നാണിതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
2004 മുതൽ ഇന്ത്യയും യൂറോപ്യൻ യൂനിയനും നയതന്ത്രപരമായ പങ്കാളികളാണെന്നും അവരുടെ ഉഭയകക്ഷി ബന്ധം വിശാലമായ മേഖലകളിൽ വികസിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
നയതന്ത്രപരമായ പങ്കാളിത്തത്തിന്റെ മൂന്നാം ദശകത്തിലേക്ക് ഇരുപക്ഷവും കടക്കുമ്പോൾ, പ്രസിഡന്റ് വോൺ ഡെർ ലെയ്‌നിന്റെയും യൂറോപ്യൻ യൂനിയൻ കോളജ് ഓഫ് കമീഷണർമാരുടെയും സന്ദർശനം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

