ഇന്ത്യ-യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാർ: മോദിയുമായി സംഭാഷണം നടത്തി ഉർസുല
text_fieldsന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) സംബന്ധിച്ച് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. കരാർ ചർച്ചക്കായി യൂറോപ്യൻ യൂനിയൻ മധ്യസ്ഥർ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായാണ് സംഭാഷണം.
ട്രംപിന്റെ തീരുവയും പിഴത്തീരുവയും കൂടി 50 ശതമാനത്തിലെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള യു.എസ് കയറ്റുമതിക്കുണ്ടായ തിരിച്ചടിയുടെ നഷ്ടം മറ്റു വിപണികളിലൂടെ നികത്താൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് യൂറാപ്യൻ യൂനിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ച. യു.എസുമായുള്ള ഇന്ത്യയുടെ വ്യാപാര ചർച്ച വഴിമുട്ടി നിൽക്കുന്നത് തങ്ങൾ തമ്മിലുള്ള വ്യാപാര ചർച്ചക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഇന്ത്യയും യൂറോപ്യൻ യൂനിയനും.
യൂറോപ്യൻ യൂനിയനുമായുള്ള കരാറിലൂടെ കയറ്റുമതിയിലെ നഷ്ടം പരമാവധി കുറക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. കാർഷിക ഉൽപന്നങ്ങൾക്ക് പരിമിതമായ തോതിൽ ഇന്ത്യൻ വിപണി തുറന്നുകൊടുത്ത് യൂറോപ്യൻ യൂനിയന്റെ ടെക്സ്റ്റൈൽ, പാദരക്ഷ വിപണികൾ തുറന്നുകിട്ടാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. കാർഷിക ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുത്താൽ കർഷകരുടെ ഭാഗത്തുനിന്ന് എതിർപ്പുയരുമെന്ന ആശങ്ക സർക്കാറിനുണ്ട്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂനിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യക്ക് തുറന്നുകിട്ടും. യൂറോപ്യൻ വ്യാപാര കമീഷണർ മാരോസ് സെഫ്കോവിച്ചും കാർഷിക കമീഷണർ ക്രിസ്റ്റോഫ് ഹാൻസെനും നേതൃത്വം നൽകുന്ന സംഘത്തിൽ 30ഓളം പേരുണ്ടാകും. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരുമായി സംഘം ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

