'എഥനോൾ നയം വിനയായി'; രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ എഥനോൾ മിശ്രിത പദ്ധതി വിപണിയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. എഥനോൾ നിർമാണത്തിനായി വൻതോതിൽ കരിമ്പ് വഴിതിരിച്ചുവിട്ടത് രാജ്യത്തെ പഞ്ചസാര ഉത്പാദനത്തെ സാരമായി ബാധിച്ചു. വിദേശനാണ്യം ലാഭിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പദ്ധതി ഒടുവിൽ രാജ്യത്തിന് തന്നെ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
മുൻവർഷത്തെ അപേക്ഷിച്ച് പഞ്ചസാരയുടെ വിലയിൽ 13 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഒമ്പത് ശതമാനത്തിലേറെയാണ് വില വർധിച്ചത്. നിലവിൽ രാജ്യത്ത് പഞ്ചസാരയുടെ ചില്ലറവില 52 രൂപയ്ക്ക് മുകളിലാണ് എത്തിനിൽക്കുന്നത്. വരാനിരിക്കുന്ന ഉത്സവകാലത്തെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂർണ്ണമായി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ, മൊത്തക്കച്ചവടക്കാർ കൈവശംവെക്കുന്ന സ്റ്റോക്കിന് കർശന നിയന്ത്രണം കൊണ്ടുവരാനും ഔദ്യോഗിക തലത്തിൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ക്രൂഡ് ഇറക്കുമതി മൂലമുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാൻ എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ച സർക്കാർ, ഇപ്പോൾ പഞ്ചസാരയുടെ വില പിടിച്ചുനിർത്താൻ വീണ്ടും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് വലിയ വൈരുദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇറക്കുമതി ബിൽ കുറയ്ക്കാൻ എഥനോൾ നിർമിച്ച് ഇന്ധനത്തിൽ കലർത്താൻ കരിമ്പ് മുഴുവൻ ഉപയോഗിക്കാൻ നിർദേശിച്ച സർക്കാരിന്, ഇപ്പോൾ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്നത് വിരോധാഭാസമാണെന്ന് മുത്തൂറ്റ് മൈക്രോഫിൻ സി.ഇ.ഒ. സദാഫ് സയീദ് ചൂണ്ടിക്കാട്ടി. വിദേശനാണ്യ വിനിമയത്തിലെ ഇറക്കുമതി ബാധ്യത കുറയ്ക്കുക എന്നതായിരുന്നു എഥനോൾ മിശ്രിതനയത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും, അല്പലാഭത്തിനായി വലിയ വിപത്ത് ക്ഷണിച്ചുവരുത്തുന്ന നയമാണിതെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
കരിമ്പ് കർഷകരെയും പഞ്ചസാര വ്യവസായത്തെയും ഒരുപോലെ ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിയുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. എഥനോൾ നയത്തിലെ പോരായ്മകൾ തിരുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുമെന്ന ആശങ്കയും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

