പെട്രോളിനെക്കാൾ വില എഥനോളിന്, 'ഇ20' ഇന്ധനവില കുറക്കില്ല; പ്രചരിക്കുന്ന വാദം തെറ്റെന്ന് മുൻ ഹിന്ദുസ്ഥാൻ പെട്രോളിയം മേധാവി
text_fieldsന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന 'ഇ20' ഇന്ധനത്തെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് സജീവമാവുകയാണ്. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് ഇന്ധനവില കുറയാൻ കാരണമാകുമെന്ന പ്രചരണം തെറ്റാണെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.കെ. സുരാന വ്യക്തമാക്കി. ഇന്ധന വിലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഇത്തരം തെറ്റിദ്ധാരണകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
ഓയിൽ മാർക്കറ്റിങ് കമ്പനികളെ സംബന്ധിച്ചിടത്തോളം എഥനോൾ മിശ്രിതം ലാഭകരമല്ലെന്നും, പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് വില കൂടുതലാണെന്നും സുരാന പറഞ്ഞു. ലിറ്ററിന് 56.71 മുതൽ 71 രൂപ വരെയാണ് എഥനോളിന്റെ വിലയെങ്കിൽ പെട്രോളിന്റെ എക്സ്-റിഫൈനറി വില ഏകദേശം 53 രൂപ മാത്രമാണ്. എഥനോൾ മിശ്രിതം ഇന്ധനവില കുറക്കാൻ സഹായിക്കില്ലെങ്കിലും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഇന്ധനവിലയിൽ ഒരു സ്ഥിരത നിലനിർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധനവിലയിലെ ഈ ആശങ്കകൾ രാഷ്ട്രീയ തലത്തിലും ചർച്ചയായിട്ടുണ്ട്. എഥനോൾ മിശ്രിതം ഇന്ധനമായി ഉപയോഗിക്കുന്നതിൽ പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ കത്തയച്ചിരുന്നു. വാഹന ഉടമകൾക്ക് ശുദ്ധമായ പെട്രോളോ അതോ എഥനോൾ കലർത്തിയ ഇന്ധനമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കർഷകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് എഥനോളിന്റെ സംഭരണവില നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ എഥനോൾ മിശ്രിതം സാധാരണ പെട്രോളിനേക്കാൾ വിലകുറഞ്ഞതായിരിക്കില്ല. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറക്കുക എന്നതാണ് ഇത്തരമൊരു നടപടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാറ്റം അടിയന്തരമായി ഇന്ധനവില കുറക്കാൻ വേണ്ടിയുള്ളതല്ല എന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

