എഥനോൾ കലർത്തിയ പെട്രോൾ: തീരുമാനം മാറ്റിവെച്ചേക്കും
text_fieldsന്യൂഡൽഹി: എതിർപ്പുകൾ ശക്തമായതോടെ എഥനോൾ കലർത്തിയ പെട്രോളിലേക്കുള്ള മാറ്റം ഉടനെ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചേക്കും. 75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും കലർത്തിയുള്ള ഇ25 ഇന്ധനത്തിലേക്കുള്ള മാറ്റമാണ് വൈകിക്കുക. വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച സർക്കാർ വിളിച്ച ഉന്നതതല യോഗത്തിൽ യഥാർഥ ആശങ്കകൾ ശാസ്ത്രീയമായ രീതിയിൽ പരിഹരിക്കണമെന്ന നിർദേശമാണ് ഉയർന്നത്.
20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ 2030ഓടെ ഇറക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും അടങ്ങുന്ന ഇ20 ഇന്ധനം ഇപ്പോൾ രാജ്യത്താകെ ലഭ്യമാണ്. ഇ25 സമ്മിശ്ര പെട്രോൾ ഇറക്കുന്നതിന് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും കഴിഞ്ഞ ആറാഴ്ചക്കകം സർക്കാർ എടുത്ത രണ്ട് തീരുമാനങ്ങളാണ് ആശങ്ക വർധിപ്പിച്ചത്. സമ്മിശ്ര ഇന്ധനത്തിന് കേന്ദ്ര എക്‌സൈസ് തീരുവ ഒഴിവാക്കിയതാണ് അതിലൊരു തീരുമാനം. ഈ മിശ്രിത ഇന്ധനങ്ങൾക്ക് ബി.ഐ.എസ് ഇന്ധന നിലവാരം വിജ്ഞാപനം ചെയ്തതാണ് രണ്ടാമത്തേത്.
എഥനോൾ കലർത്തിയ ഇന്ധനം ഏർപ്പെടുത്തുന്നതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് സാഹചര്യത്തെ ഒരുക്കാനുള്ള സർക്കാറിന്‍റെ നീക്കമായാണ് ഈ തീരുമാനങ്ങളെ കണ്ടത്. ഇ20 മറികടന്നു പോകാനുള്ള നിർദേശങ്ങൾ വാഹന നിർമാതാക്കളിലും ഉപഭോക്താക്കളിലും ഉത്കണ്ഠ ഇരട്ടിപ്പിച്ചു.
പഴക്കം കൂടിയ വാഹനങ്ങളുടെ പാർട്ടുകൾ എഥനോൾ മൂലം കേടാകുമെന്ന ആശങ്ക അവർ പ്രകടിപ്പിച്ചു. ഈ ആശങ്കകൾ കണക്കിലെടുത്താണ് കഴിഞ്ഞയാഴ്ച ഉന്നതതല യോഗം വിളിച്ചു ചേർത്തത്. സാഹചര്യങ്ങൾ സജ്ജമാക്കാൻ സമയമെടുക്കേണ്ടതിന്‍റെ ആവശ്യകത സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം ഉപഭോക്താക്കൾ ഉയർത്തുന്ന ചില ആശങ്കകൾ പെരുപ്പിച്ചുകാട്ടുന്നതാണെന്ന അഭിപ്രായവും സർക്കാർ വൃത്തങ്ങളിലുണ്ട്. ഇ20ക്ക് അപ്പുറത്തേക്കുള്ള മാറ്റം വേണ്ടത്ര അകലമിട്ടായിരിക്കണമെന്ന അഭിപ്രായമാണ് വാഹന നിർമാതാക്കൾക്ക് ഉൾപ്പെടെ പൊതുവേയുള്ളത്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണം -എ.കെ.എഫ്.സി
കൊച്ചി: ഇ20 (20% എഥനോൾ കലർത്തിയ) പെട്രോളിനെ കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പടരുകയാണെന്നും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനും വാഹനങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾ റിപ്പോർട്ട് ചെയ്യാനുമായി പ്രത്യേക ഹെൽപ് ലൈൻ സംവിധാനങ്ങൾ ഓയിൽ മാർക്കറ്റിങ് കമ്പനികൾ ആരംഭിക്കണമെന്നും കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ.കെ.എഫ്.സി) സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇ20 പെട്രോളിനെ കുറിച്ച് സമൂഹ മാധ്യമത്തിൽ വ്യാപക ആശങ്കകളും വ്യാജവാർത്തകളും പ്രചരിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. വാഹനങ്ങളുടെ എൻജിനുകൾക്ക് കേടുപാട് സംഭവിക്കുന്നുവെന്നും മൈലേജ് ക്രമാതീതമായി കുറയുന്നു എന്നുമുള്ള ചർച്ചകൾ ഉപഭോക്താക്കൾക്കിടയിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്. പമ്പുകളിൽ ഇന്ധനം നിറക്കാൻ എത്തുന്ന സാധാരണക്കാരായ വാഹന ഉടമകൾ ഇതുമൂലം ഡീലർമാരുമായി തർക്കങ്ങളിൽ ഏർപ്പെടുന്നത് നിത്യസംഭവമായി.
ഇ20 ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഓയിൽ കമ്പനികൾ വ്യക്തത വരുത്തണം. വിപുലമായ ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കാൻ കമ്പനികൾ തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

