വാജ്പേയിയെയും നെഹ്റുവിനെയും ഉദ്ധരിച്ച് പാർലമെന്റിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി; ‘സ്പീക്കറുടെ നിരപേക്ഷതയും പാർലമെന്റിന്റെ ഗൗരവവും സംരക്ഷിക്കണം’
text_fieldsന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കറുടെ പ്രവർത്തന രീതിക്കെതിരായ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചര്‍ച്ച ചെയ്യുന്നതിനിടെ മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയിയെയും ജവഹർ ലാൽ നെഹ്റുവിനെയും ഉദ്ധരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിൽ സ്പീക്കർ സ്ഥാനത്തിന്റെ മഹത്വം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് മുസ്‍ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി പറഞ്ഞു.
ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ സ്പീക്കർ സ്ഥാനമേറ്റെടുത്ത മഹാന്മാർ നിരപേക്ഷതയും അധികാരവും പാർലമെന്ററി പാരമ്പര്യങ്ങളോടുള്ള ആഴത്തിലുള്ള ബഹുമാനവും പാലിച്ചുകൊണ്ട് സഭയുടെ ഗൗരവം ഉയർത്തിപ്പിടിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “സ്പീക്കർ സഭയെ പ്രതിനിധീകരിക്കുന്നു; സഭയുടെ ഗൗരവവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ സ്പീക്കറുടെ സ്ഥാനമഹത്വം നിലനിർത്തപ്പെടണം” എന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.
സ്പീക്കർ ഒരു നിഷ്പക്ഷ അമ്പയർ പോലെ പ്രവർത്തിക്കണം. എല്ലാ എംപിമാർക്കും സംസാരിക്കാനുള്ള അവസരം ഉറപ്പാക്കുകയും പ്രതിപക്ഷത്തിന്റെ ശബ്ദം സംരക്ഷിക്കുകയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. “സർക്കാരുകൾ വരും പോകും, പക്ഷേ രാജ്യം നിലനിൽക്കണം; ജനാധിപത്യം നിലനിൽക്കണം” എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളും ഇ.ടി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ പാർലമെന്ററി പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജി.വി. മാവ്‍ലങ്കർ, ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ, ഭരണഘടനാ വിദഗ്ധൻ നാനി പാൽകിവാല, മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി തുടങ്ങിയ നേതാക്കൾ നൽകിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കഴിഞ്ഞ ബജറ്റ് സെഷനിൽ പ്രതിപക്ഷത്തോട് അതീവ അനീതിപരമായ സമീപനമാണ് ഉണ്ടായതെന്ന് ബഷീർ എം.പി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതും നിരവധി പ്രതിപക്ഷ എംപിമാരെ മുഴുവൻ ബജറ്റ് സെഷനിലേക്കും സസ്പെൻഡ് ചെയ്തതും പാർലമെന്റിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രിമാർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ അനുവദിക്കപ്പെട്ടപ്പോഴും പ്രതിപക്ഷത്തിന്റെ ശബ്ദം ബലമായി നിശബ്ദമാക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് സഭയുടെ പ്രവർത്തനം നിയന്ത്രിക്കാൻ സ്പീക്കർ സ്ഥാനത്തെ ഉപകരണമാക്കുന്ന പ്രവണത ജനാധിപത്യത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ പാർലമെന്റിന്റെ വിശുദ്ധിയും നിയമനിർമ്മാണത്തിന്റെ ഗൗരവവും തകർന്നിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നത്, സാമ്പത്തിക പ്രതിസന്ധി, എം.എൻ.ആർ.ഇ.ജി.എ പോലുള്ള ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ ദുർബലീകരണം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, മാധ്യമസ്വാതന്ത്ര്യത്തിന്റെ നിയന്ത്രണം, കർഷക പ്രതിസന്ധി തുടങ്ങിയ പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം.പി ആരോപിച്ചു. രാജ്യത്തിന്റെ ഫെഡറൽ ഘടനക്കും മതനിരപേക്ഷതയ്ക്കും ഈ ഭരണകൂടം ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഭരണഘടനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ദേശീയ കമ്മീഷൻ (NCRWC) നൽകിയ ശുപാർശകൾ നടപ്പാക്കേണ്ടതുണ്ടെന്നും ലോക്സഭയ്ക്ക് കുറഞ്ഞത് 120 ദിവസവും രാജ്യസഭയ്ക്ക് 100 ദിവസവും യോഗം ചേരുന്ന രീതിയിൽ നിയമപരമായ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്ററി കമ്മിറ്റികളുടെ ശക്തീകരണം, സ്വതന്ത്ര പാർലമെന്ററി ബജറ്റ് ഓഫിസ് സ്ഥാപിക്കൽ തുടങ്ങിയ പരിഷ്കാരങ്ങളും നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവായ പ്രതിപക്ഷത്തിന്റെ ശബ്ദം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, സ്പീക്കർ സ്ഥാനത്തിന്റെ ഗൗരവം നിലനിർത്തുന്നതിലൂടെ മാത്രമേ സഭയുടെ വിശ്വാസ്യതയും രാജ്യത്തിന്റെ ജനാധിപത്യവും ശക്തിപ്പെടുകയുള്ളുവെന്നും എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

