ന്യൂഡൽഹി: കോവിഡ് മഹാമാരി കാരണം ശമ്പളം ലഭിക്കാതായ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) പദ്ധതിക്കു കീഴിൽ വരുന്ന തൊഴിലാളികൾക്ക് കോർപറേഷൻ തൊഴിലില്ലായ്മ വേതനം നൽകുന്നു. മൂന്നു മാസത്തെ വേതനത്തിെൻറ 50 ശതമാനമാണ് തൊഴിലില്ലായ്മ വേതനം നൽകുക. ലോക്ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ ഡിസംബർ 31 വരെ കാലയളവിലേക്കാണ് ഈ ആനുകൂല്യം.
കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്കുമാർ ഗാങ്വറിെൻറ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിങ് വഴി ചേർന്ന ഇ.എസ്.ഐ കോർപറേഷെൻറ 182ാം സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അടൽ ബിമിത് വ്യക്തി കല്യാൺ യോജന എന്ന പദ്ധതി വഴിയാണ് അംഗങ്ങളായ തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കുക. പദ്ധതി അടുത്ത വർഷം ജൂൺ വരെ നീട്ടാനും ഇതു സംബന്ധിച്ച നിബന്ധനകൾ ലഘൂകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 90 ദിവസത്തെ വേതനത്തിെൻറ 25 ശതമാനം തൊഴിലില്ലായ്മ വേതനം എന്നത് 50 ശതമാനമാക്കി, തൊഴിൽ നഷ്പ്പെട്ട് 90 ദിവസത്തിനുശേഷം പണം നൽകുക എന്നത് 30 ദിവസത്തിനുശേഷം എന്നും പരിഷ്കരിച്ചിട്ടുണ്ട്.
അവസാനത്തെ തൊഴിലുടമ വഴി ക്ലെയിമിന് അപേക്ഷിക്കണം എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പകരം, ഇൻഷുർ ചെയ്യപ്പെട്ടയാൾക്ക് ഇ.എസ്.ഐയുടെ ബ്രാഞ്ച് ഓഫിസിൽ നേരിട്ട് അപേക്ഷ നൽകാം. ക്ലെയിം തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തും. ഈ വർഷം മാർച്ച് 31ന് മുമ്പ് ചുരുങ്ങിയത് മുമ്പ് രണ്ടു വർഷം ഇ.എസ്.ഐ അംഗത്വമുള്ള തൊഴിൽ ചെയ്തിരിക്കണം, വേതനനഷ്ടമുണ്ടായ സമയത്തിനു തൊട്ടുമുമ്പ് ചുരുങ്ങിയത് 78 ദിവസത്തിൽ കുറയാതെയോ അല്ലെങ്കിൽ അതിനു മുമ്പത്തെ മൂന്നു വിഹിത കാലയളവുകളിലെ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 78 ദിവസത്തെയോ വിഹിതം അടച്ചവരായിരിക്കണം എന്നിങ്ങനെ നിബന്ധന വെച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി കണക്കിലെടുത്ത് മികച്ച വൈദ്യസേവനം നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ കോർപറേഷൻ നടപടി തുടങ്ങിയിട്ടുണ്ട്. മുഴുവൻ ഇ.എസ്.ഐ ആശുപത്രികളിലെയും ആകെ കിടക്കകളുടെ 10 ശതമാനം ഐ.സി.യുകൾ ആരംഭിക്കാനും തീരുമാനിച്ചു.