‘പഞ്ച് ഡയലോഗ് പറഞ്ഞാൽ പോരാ, ജീവിതത്തിൽ കാണിക്കണം’; വിജയ്ക്കെതിരെ വ്യക്തിപരമായ പരാമർശങ്ങളുമായി ഇ.പി.എസ്, തിരിച്ചടിച്ച് ടി.വി.കെ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത വാക്പോരുമായി പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡി.എം.കെയും ഭരണകക്ഷിയായ ടി.വി.കെയും. മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ്ക്കെതിരെ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി വ്യക്തിപരമായ പരാമർശങ്ങളുമായി രംഗത്തെത്തി. പിന്നാലെ ടി.വി.കെയും ശക്തമായ മറുപടി നൽകി.
ധാരാപുരത്ത് നടന്ന പ്രചാരണത്തിനിടെയാണ് ഇ.പി.എസ് വിജയ്യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയത്. ‘സഹോദരനും അമ്മാവനും കുടുംബത്തിലെ ഒരാളുമായിരിക്കും’ എന്നാണ് വിജയ് പറയുന്നതെന്ന് പറഞ്ഞ പളനിസ്വാമി, കുടുംബത്തോടുള്ള സ്നേഹവും ഉത്തരവാദിത്തവും ജീവിതത്തിൽ കാണിക്കണമെന്നും പറഞ്ഞു. വേദിയിൽ പഞ്ച് ഡയലോഗുകൾ പറയുന്നത് മാത്രം മതിയാകില്ലെന്നും ജീവിതത്തിൽ അത് നടപ്പാക്കി കാണിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
‘അദ്ദേഹം പറയുന്നത് താൻ ഒരു സഹോദരനും അമ്മാവനും കുടുംബത്തിലെ ഒരാളുമായിരിക്കുമെന്നാണ്. ഭാര്യയോടും കുട്ടികളോടും ഒപ്പം വാത്സല്യത്തോടെ ജീവിക്കണം. ഇത് പറയാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ? വേദിയിലെ പഞ്ച് ഡയലോഗുകൾ പോരാ. ഒരാൾ അത് ജീവിക്കുകയും യഥാർഥ ജീവിതത്തിൽ പ്രകടിപ്പിക്കുകയും വേണം. നമ്മൾ അത് ചെയ്യുന്നു.’ -ഇ.പി.എസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നീതിക്കായുള്ള പോരാട്ടമാണെന്നും വോട്ടർമാർ ടി.വി.കെയെ ഉചിതമായ പാഠം പഠിപ്പിക്കണമെന്നും ഇ.പി.എസ് പറഞ്ഞു.
ഇ.പി.എസിന്റെ പരാമർശങ്ങൾക്കെതിരെ ടി.വി.കെ വക്താവ് എം. സത്യകുമാർ രംഗത്തെത്തി. നിരവധി നേതാക്കൾ പാർട്ടി വിട്ട് ടി.വി.കെയിലേക്ക് എത്തിയതിന്റെ കാരണം എ.ഐ.എ.ഡി.എം.കെ നേതൃത്വം പരിശോധിക്കുന്നതിന് പകരം അധ്യക്ഷൻ വ്യക്തിപരമായ പരാമർശങ്ങളിലേക്ക് പ്രചാരണം മാറ്റുകയാണെന്നാണ് ടി.വി.കെ ആരോപിച്ചു. വിജയ് പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും പളനിസ്വാമിയുടെ നേതൃത്വത്തിൽ ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടില്ലെന്നും ടി.വി.കെ പ്രതികരിച്ചു.
ഒക്ടോബർ ആറിനാണ് മദുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജിവച്ച് ടി.വി.കെയിൽ ചേർന്ന മുൻ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെയാണ് ഭരണകക്ഷി സ്ഥാനാർഥികളാക്കിയിരിക്കുന്നത്. ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ ‘കുതിരക്കച്ചവടം’ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ധാരാപുരത്ത് വിജയ് പ്രചാരണം ആരംഭിച്ചിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നഗരമേഖലകളിൽ മികച്ച പ്രകടനം നടത്തിയ ടി.വി.കെ ഗ്രാമീണമേഖലകളിലേക്കും സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, തങ്ങൾ വിജയിച്ചിരുന്ന രണ്ട് സീറ്റുകളും നിലനിർത്താനാണ് എ.ഐ.എ.ഡി.എം.കെയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

