ന്യൂഡൽഹി: ഉപയോക്താക്കൾക്ക് എളുപ്പത്തിലുള്ള പ്രശ്നപരിഹാരത്തിനായി വാട്സ്ആപ് ഹെൽപ്ലൈൻ സേവനം ആവിഷ്കരിച്ച് എംേപ്ലായ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ).
കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇ.പി.എഫ്.ഒയുടെ പരാതി പരിഹാര ഫോറങ്ങളായ ഇ.പി.എഫ്.ഐ.ജി.എം.എസ്, സി.പി.ജി.ആർ.എം.എസ്, ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് പുറമെയാണിത്.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ തടസ്സം കൂടാതെ സേവനം ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.
ആശയവിനിമയത്തിനുള്ള വലിയ മാർഗമായി വാട്സ്ആപ് മാറിയ കാലത്ത് എല്ലാ ഉപയോക്താക്കൾക്കും ഇതുവഴി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇ.പി.എഫ്.ഒയുടെ രാജ്യത്തെ 138 റീജനൽ ഓഫിസുകളും ഇൗ ഹെൽപ്ലൈൻ പരിധിയിൽ വരും.
ഇ.പി.എഫ്.ഒയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാൽ എല്ലാ റീജനൽ ഓഫിസുകളുടെയും െഹൽപ്ലൈൻ നമ്പറുകൾ ലഭ്യമാവുമെന്നും മന്ത്രാലയം അറിയിച്ചു.