പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചു; 40 വര്‍ഷത്തെ കുറഞ്ഞ നിരക്ക്
text_fieldsന്യൂഡൽഹി: അഞ്ചുകോടിയിലേറെ വരുന്ന വരിക്കാർക്ക് വൻ തിരിച്ചടിയായി എംേപ്ലായീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) നിക്ഷേപത്തിനുള്ള പലിശ നിരക്ക് വെട്ടിക്കുറച്ചു. 8.5 ശതമാനത്തിൽ നിന്ന് 8.1 ശതമാനത്തിലേക്കാണ് നിരക്ക് കുത്തനെ കുറച്ചത്. 1977-'78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അന്ന് എട്ട് ശതമാനമായിരുന്നു പലിശ.
ഗുവാഹതിയിൽ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ് ഒക്ക് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗമാണ് 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.1ശതമാനമായി നിശ്ചയിച്ചത്. പെൻഷൻ പരിഷ്കരണത്തിനായുള്ള അഡ്ഹോക് കമ്മിറ്റി ശിപാർശകൾ അംഗീകരിച്ച സി.ബി.ടി, ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കാനും ധാരണയായി. സമിതിയിൽ പെൻഷൻഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(പി.എഫ്.ആർ.ഡി.എ), എൽ.ഐ.സി, സ്വകാര്യ നിക്ഷേപക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തും. 2016-17 സാമ്പത്തിക വർഷം 8.65 ശതമാനം, 2017-18ല്‍ 8.55 ശതമാനം എന്നിങ്ങനെയായിരുന്നു പലിശ നിരക്ക്. 2018-19ല്‍ വീണ്ടും 8.65 ശതമാനമാക്കി ഉയർത്തി. 2019-20 ല്‍ 8.5 ശതമാനമാക്കി കുറച്ചു. 2013-14, 2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ 8.75 ശതമാനം പലിശ നല്‍കിയിരുന്നു. 2011-12 വര്‍ഷത്തില്‍ 8.25 ശതമാനം ആയിരുന്നത് 2012-13 ൽ 8.5 ശതമാനത്തിലേക്ക് കുറച്ചു. നിരക്ക് കുറക്കാനുള്ള കാരണം തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് നടപടിയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. മൊത്തം നിക്ഷേപത്തിൽ 13 ശതമാനം വർധനയുണ്ടായെങ്കിലും പലിശ വരുമാനം കൂടിയത് എട്ട് ശതമാനം മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം 2019-20 കാലയളവിൽ രണ്ട് ഘട്ടങ്ങളിലായാണ് പലിശ നൽകിയത്. ഗുവാഹതിയിലെ യോഗത്തിൽ തൊഴിൽ സംഘടന പ്രതിനിധികൾ ഉയർന്ന പലിശ നിരക്ക് ആവശ്യപ്പെട്ടെങ്കിലും സി.ബി.ടി യോഗം അംഗീകരിച്ചില്ല. ഇപ്പോൾ തീരുമാനിച്ച 8.1 ശതമാനം നിരക്ക് കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ച ശേഷം ഗസറ്റിൽ പ്രസിദ്ധീകരിക്കും. തുടർന്നാണ് വരിക്കാരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക.
തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് ചുരുങ്ങിയത് 12 ശതമാനമാണ് ഇ.പി.എഫിലേക്ക് ഈടാക്കുന്നത്. അത്രയും തന്നെ തൊഴിൽ ദാതാവും നൽകും. ഇ.പി.എസ്-95 അക്കൗണ്ട് പ്രകാരം നിലവിൽ 1000 മുതൽ 7500 രൂപ വരെയാണ് ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നത്. പെൻഷന് അനുവദനീയമായ ശമ്പളം 15000 രൂപയും പരമാവധി പെൻഷൻ വിഹിതം പ്രതിമാസം 1250 രൂപയുമാണ്. ഈ അക്കൗണ്ടിലാണ് പരിഷ്ക്കരണത്തിന് നിർദേശമുള്ളത്.
നിരക്ക് കുത്തനെ കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് സി.പി.ഐ എം.പി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തൊഴിലാളിവർഗത്തോടുള്ള കേന്ദ്ര സർക്കാറിന്റെ കടുത്ത അവഗണനയാണ് നടപടിയെന്നും നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബി.ജെ.പി തനിനിറം കാണിച്ചിരിക്കുകയാണെന്നും സി.പി.ഐ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

