ഡിസംബർ നാലുവരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കണം; എസ്.ഐ.ആർ സമയ പരിധി കലക്ടർക്ക് മാറ്റാനാവില്ല- തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയപരിധിയുണ്ടെന്നും അത് വെട്ടിക്കുറക്കാനോ തീയതി മാറ്റി നിശ്ചയിക്കാനോ ജില്ലാ കലക്ടർമാർക്ക് അധികാരമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന്റെ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരണം നവംബർ 26നകം പൂർത്തിയാക്കണമെന്ന് കാണിച്ച് കേരളത്തിൽ ചില ജില്ല കലക്ടർമാർ ബി.എൽ.ഒമാർക്ക് നിർദേശം നൽകിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സമയക്രമം മാറ്റാനുള്ള അധികാരം ഒരു ജില്ലാ കലക്ടർക്കും നൽകിയിട്ടില്ലെന്നും ഡിസംബർ നാലുവരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കാൻ ബി.എൽ.ഒമാർ ബാധ്യസ്ഥരാണെന്നും കമീഷൻ അറിയിച്ചത്. മലപ്പുറം ജില്ല കലക്ടർ പുറപ്പെടുവിച്ച ഇത്തരമൊരു സർക്കുലറിലെ നിർദേശങ്ങൾ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ‘മാധ്യമ’ത്തോട് നിലപാട് വ്യക്തമാക്കിയത്.
ജില്ലാ കലക്ടറുടെ നാല് നിർദേശങ്ങൾ
എസ്.ഐ.ആർ സമയബന്ധിതമായി പൂർത്തിയാക്കാനാണെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിശ്ചയിച്ച സമയമക്രമം മാറ്റി മലപ്പുറം ജില്ല കലക്ടർ ഈ മാസം 17ന് ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ) മാർക്കും എ.ഇആർ.ഒ (അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ) മാർക്കും സർക്കുലർ അയച്ചത്. എന്യൂമറേഷൻ ഫോമുകളുടെ വിതരണവും സ്വീകരണവും സംബന്ധിച്ച് നാല് നിർദേശങ്ങൾ പാലിക്കണമെന്നാണ് കലക്ടറുടെ സർക്കുലർ.
എന്യൂമറേഷൻ ഫോമുകളുടെ വിതരണത്തിനും സ്വീകരണത്തിനും നവംബർ 18 മുതൽ 20 വരെ കലക്ഷൻ സെന്ററുകൾ തുറക്കുക, നവംബർ 23നും 26നും ഇടയിൽ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരണം പൂർത്തിയാക്കി ബി.എൽ.ഒ ആപ് വഴി ഡിജിറ്റലൈസ് ചെയ്യുക,
വീടുകളിലില്ലാത്തവർ/ വീടുമാറിപ്പോയവർ/മരണപ്പെട്ടവർ എന്നിവരുടെ വിവരം പ്രത്യേകം തയാറാക്കി നവംബർ 26 മുതൽ 28 വരെ ബി.എൽ.ഒമാരുടെ യോഗം വിളിക്കുക, വീടുകളിലില്ലാത്തവർ/ വീടുമാറിപ്പോയവർ/മരണപ്പെട്ടവർ എന്നിവരുടെ വിവരമടങ്ങുന്ന പട്ടിക ഇ.ആർ.ഒമാർക്ക് നവംബർ 29നുള്ളിൽ സമർപ്പിക്കുക എന്നിവയാണ് ജില്ല കലക്ടറുടെ നാല് നിർദേശങ്ങൾ.
ഡിസംബർ നാല് വരെ എന്യൂമറേഷൻ ഫോം സമർപ്പിക്കാൻ കമീഷൻ നൽകിയ സമയമാണ് ജില്ല കലക്ടർ ഇതിലൂടെ വെട്ടിക്കുറച്ചത്. എസ്.ഐ.ആർ നടപടികൾ പൂർത്തീകരിക്കാൻ അനാവശ്യ ധൃതി കാട്ടി ബി.എൽ.ഒമാർക്ക് മേൽ ജില്ലാ കലക്ടർമാർ സമ്മർദമേറ്റുന്നു എന്ന വാർത്തകൾക്കിടയിലാണ് അതിനെ സാധൂകരിക്കുന്ന ജില്ല കലക്ടറുടെ സർക്കുലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

