നീറ്റ് ചോദ്യപേപ്പർ ചോർച്ച: മുഴുവൻ എൻ.ടി.എ അംഗങ്ങളും നിരീക്ഷണത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ്
text_fieldsന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യിൽനിന്ന് രണ്ടാമത്തെ ആളെ അറസ്റ്റ് കൂടി നടന്നതോടെ ഏജൻസിയിലെ പേപ്പർ സെറ്റിങ് പാനലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ. എൻ.ടി.എയിൽ നിന്ന് രണ്ടു പേർ അറസ്റ്റിലായതോടെയാണ് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളെയും നിരീക്ഷിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
"ഈ ചോദ്യപേപ്പർ തയ്യാറാക്കിയ മുഴുവൻ കമ്മിറ്റിയും എൻ.ടി.എയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്" എന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും സി.ബി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കേസിലെ മുഖ്യ പ്രതികളിലൊരാളായ പൂനെ ആസ്ഥാനമായുള്ള സസ്യശാസ്ത്ര അധ്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇവർ പേപ്പർ സെറ്റിങ് കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ചോർച്ചയിലെ മുഖ്യകണ്ണി എന്ന് അന്വേഷകർ വിശേഷിപ്പിച്ച വിരമിച്ച കെമിസ്ട്രി ലക്ചറർ പി.വി കുൽക്കർണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മനീഷ പിടിയിലായത്.
ആദ്യമായാണ് ചോദ്യപേപ്പർ ചോർച്ചയിൽ എൻ.ടി.എ പാനൽ അംഗങ്ങൾ അറസ്റ്റിലാവുന്നത്."ചോദ്യപേപ്പർ ചോരുകയും അതിന്റെ പി.ഡി.എഫ് ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെട്ടിരുന്നതിനാൽ ആയിരക്കണക്കിന് പേർക്ക് അത് ലഭിച്ചു. ഞങ്ങൾ എല്ലാവരെയും കണ്ടെത്തും, ചോർച്ചയുടെ ഉറവിടവും അവരുടെ കൂട്ടാളികളെയും കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത്." മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏപ്രിൽ മാസത്തിൽ മനീഷ മന്ധാരെ പൂനെയിലെ വീട്ടിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തി. ക്ലാസിൽ നീറ്റ് പരീക്ഷയിൽ വന്ന സസ്യശാസ്ത്ര, സുവോളജി ചോദ്യങ്ങൾ അവർ പറഞ്ഞുകൊടുത്തു.ഈ ആഴ്ച ആദ്യം അറസ്റ്റിലായ പൂനെ ആസ്ഥാനമായുള്ള ബ്യൂട്ടി പാർലർ ഉടമയായ സഹപ്രതി മനീഷ വാഗ്മരെ വഴിയാണ് വിദ്യാർത്ഥികളെ അവളുടെ അടുത്തേക്ക് കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
എൻ.ടി.എയിൽ നിന്ന് ചോദ്യപേപ്പറിന്‍റെ രണ്ട് വ്യത്യസ്ത സെറ്റുകൾ ചോർന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്ന് കൈയെഴുത്തും മറ്റൊന്ന് ടൈപ്പ് ചെയ്തതും. കുൽക്കർണി കെമിസ്ട്രി പേപ്പർ ചോർത്തിയതായും മന്ധാരെ ബയോളജി വിഭാഗങ്ങൾ ചോർത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മെയ് 3 ലെ പരീക്ഷയ്ക്ക് ശേഷം തെളിവുകൾ ഇല്ലാതാക്കാൻ പ്രതികൾ ചോദ്യപേപ്പറുകൾ നശിപ്പിച്ചതായി ഏജൻസി കോടതിയെ അറിയിച്ചു. കുൽക്കർണിയും മന്ധാരെയും നേരത്തെ പരീക്ഷാ പേപ്പറുകൾ ചോർന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷകർ പരിശോധിക്കുന്നുണ്ട്.ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ഏകദേശം 600 ഓളം ചോദ്യങ്ങൾ അടങ്ങിയ ഒരു പി.ഡി.എഫ് പ്രചരിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നാസിക് ആസ്ഥാനമായുള്ള ശുഭം ഖൈർനാർ ഗുരുഗ്രാം നിവാസിയായ യാഷ് യാദവിന് ചോദ്യപേപ്പർ കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

