‘ഇംഗ്ലീഷ് ശക്തിയാണ്, ബി.ജെ.പിയുടേത് തുല്യ അവസരം നേടുന്നതിൽ നിന്ന് ദരിദ്രരെ തടയാനുള്ള തന്ത്രം’; അമിത് ഷായുടെ ‘നാണക്കേട്’ അധിക്ഷേപത്തിന് രാഹുലിന്റെ മറുപടി
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഇംഗ്ലീഷ് വിരുദ്ധ ആഖ്യാനം ദരിദ്രരെ മുന്നേറ്റത്തിൽ നിന്ന് തടഞ്ഞുനിർത്താനും അവർ ഒരിക്കലും തുല്യരാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ‘ലജ്ജാകരമായ’ ഭാവിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ഒരു ദിവസത്തിന് ശേഷമാണ് ‘എക്‌സി’ലെ ഒരു പോസ്റ്റിലൂടെ രാഹുൽ തുറന്നടിച്ചത്.
ഇംഗ്ലീഷ് അവസരങ്ങൾ തുറക്കുന്നുവെന്ന് വാദിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ഭാഷാ ചർച്ചയെ ഒരു സാമൂഹിക നീതിയുടെ പ്രശ്‌നമാക്കി മാറ്റാൻ ശ്രമിച്ചു. ഇംഗ്ലീഷ് സാമൂഹിക ചലനത്തിനുള്ള ‘ഒരു ആയുധമാണ്’. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾ ഇംഗ്ലീഷ് പഠിക്കണമെന്ന് ബി.ജെ.പിയും ആർ.എസ്.എസും ആഗ്രഹിക്കുന്നില്ല. കാരണം, അവരെ ചോദ്യങ്ങൾ ചോദിക്കാനും മുന്നോട്ട് പോകാനും തുല്യരാകാനും അവർ സമ്മതിക്കില്ല എന്നും അദ്ദേഹം വാദിച്ചു.
ഇന്ത്യയുടെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കാൻ പുതിയ ദേശീയ ശ്രമം നടത്തണമെന്ന് അമിത് ഷാ വ്യാഴാഴ്ച ആഹ്വാനം ചെയ്തിരുന്നു. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർ ഉടൻ തന്നെ ലജ്ജിക്കുമെന്നും ഊന്നിപ്പറഞ്ഞു. ഭാഷയെ കൊളോണിയൽ ഹാംഗ് ഓവർ ആയും ചിത്രീകരിച്ചു. എന്നാൽ, ഇംഗ്ലീഷ് ഒരു പാലമാണെന്നും അത് ഒരു നാണക്കേടിന്റെ കാര്യമല്ലെന്നും രാഹുൽ പറഞ്ഞു. അത് ശക്തിയാണ്. ഒരു ചങ്ങലയല്ല. മറിച്ച് ചങ്ങലകൾ പൊട്ടിക്കാനുള്ള ഒരു മാർഗമാണ് എന്നും വ്യക്തമാക്കി.
ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് ഉൗന്നിപ്പറഞ്ഞ രാഹുൽ, ഇന്നത്തെ ലോകത്ത് ജോലികൾ നൽകുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് ഭാഷക്ക് മാതൃഭാഷയെപ്പോലെ തന്നെ പ്രാധാന്യമുണ്ടെന്നും കൂട്ടിച്ചേർത്തു. ‘ഇന്ത്യയിലെ ഓരോ ഭാഷക്കും ഒരു ആത്മാവും സംസ്കാരവും അറിവും ഉണ്ട്. നാം അവയെ വിലമതിക്കുകയും എല്ലാ കുട്ടികളെയും ഇംഗ്ലീഷ് പഠിപ്പിക്കുകയും വേണം. ലോകത്തോടു മത്സരിക്കുന്ന എല്ലാ കുട്ടികൾക്കും തുല്യ അവസരം നൽകുന്ന ഇന്ത്യയിലേക്കുള്ള പാതയാണത്’ -ഇതേ വിഷയത്തിൽ താൻ നടത്തിയ ഒരു പഴയ സംവാദ സെഷന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ പറഞ്ഞു. കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ച ബി.ജെ.പി നേതാക്കളുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രബിന്ദുവാണ് മാതൃഭാഷകൾ എന്നും വിദേശ ഭാഷകളെക്കാൾ പ്രാധാന്യം നൽകണമെന്നും ഷാ പറഞ്ഞത്. ‘ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർ ഉടൻ തന്നെ ലജ്ജിക്കും. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കിൽ നമ്മൾ യഥാർഥ ഇന്ത്യക്കാരല്ല’ എന്നും ഷാ പറഞ്ഞു.
ലോകമെമ്പാടുമുള്ള കൊളോണിയൽ അടിമത്തത്തിന്റെ പ്രതീകമായി ഇംഗ്ലീഷ് അവഗണിക്കപ്പെടുമെന്നും വിദേശ ഭാഷകൾക്ക് ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സത്ത ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

