ഇംഗ്ലീഷ് വെറുമൊരു ഭാഷയല്ല; ഏകീകരണ ഘടകവും മുന്നോട്ടു കുതിക്കാനുള്ള ഉപകരണവുമെന്ന് ഡെറിക് ഒബ്രിയോൺ
text_fieldsന്യൂഡൽഹി: ഇംഗ്ലീഷ് വെറുമൊരു ഭാഷയല്ലെന്നും മറിച്ച് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രാപ്തി, സ്വയം പ്രകാശനം, മുന്നോട്ടുള്ള യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഏകോപന ഘടകമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയോൺ.
ഇന്ത്യയിൽ 21 ഭാഷകളും 19,500 ഭാഷാഭേദങ്ങളുമുണ്ട്. ഇംഗ്ലീഷ് ആരെയും താഴ്ത്തുന്നില്ല. പകരം, അത് ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് ഇന്ത്യക്കാരെ കൂടുതൽ സുസജ്ജരും കൂടുതൽ ബന്ധിതരുമാക്കുന്നുവെന്നും അദ്ദേഹം ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഇംഗ്ലീഷിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ഒബ്രിയോണിന്റെ പ്രസ്താവന. ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടിവരുമെന്നായിരുന്നു ഷാ പറഞ്ഞത്. എന്നാൽ, ഇംഗ്ലീഷിനെയും സമതുലനം എന്ന നിലയിലുള്ള അതിന്റെ സാധ്യതയെയും തള്ളിക്കളയുന്നത് ചരിത്രപരമായി അദൃശ്യരാക്കപ്പെട്ട ഇന്ത്യക്കാരുടെ പോരാട്ടങ്ങളെയും അഭിലാഷങ്ങളെയും തള്ളിക്കളയുന്നതിന് തുല്യമാണെന്ന് തൃണമൂലിന്റെ രാജ്യസഭാ പാർലമെന്ററി പാർട്ടി നേതാവ് പറഞ്ഞു.
ഇതിനെ ഇന്ന് ഒരു കൊളോണിയൽ അടിച്ചേൽപ്പിക്കലായി മാത്രം കാണുന്നത്, ലോകക്രമത്തെക്കുറിച്ചും നിലവിലുള്ള ശക്തികളെ അസ്ഥിരപ്പെടുത്തുന്നതിന് എന്താണ് വേണ്ടതെന്നതിനെക്കുറിച്ചുമുള്ള അജ്ഞതക്ക് തുല്യമാണെന്നും ഒബ്രിയോൺ കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് സംസാരിക്കുന്നതിന് ആളുകളെ ലജ്ജിപ്പിക്കുന്നത് ചരിത്രത്തെ അവഗണിക്കുക, പുരോഗതിയെ ദുർബലപ്പെടുത്തുക, ഭിന്നതകൾ വർധിപ്പിക്കുക എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി, ബി.ആർ അംബേദ്കർ, സി രാജഗോപാലാചാരി, മൗലാനാ അബുൽ കലാം ആസാദ്, ഡോ എസ്.രാധാകൃഷ്ണൻ, സാവിത്രിഭായ് ഫൂലെ, അടൽ ബിഹാരി വാജ്‌പേയി, ഫ്രാങ്ക് ആന്റണി തുടങ്ങി നിരവധി നേതാക്കളുടെ പരാമർശങ്ങളും അദ്ദേഹം ഉദ്ധരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

