'എൻജിനുകൾ കൂട്ടിയിടിക്കുന്നു'; കുംഭമേള ദുരന്തത്തിൽ യു.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് അഖിലേഷ് യാദവ്
text_fieldsലഖ്നോ: കുംഭമേളക്കിടെ തിക്കിലും തിരക്കിലും ആളുകൾ മരിക്കാനിടയായ ദുരത്തിൽ യു.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എസ്.പി എം.പി അഖിലേഷ് യാദവ്. കേന്ദ്രബജറ്റിൽ വലിയ സംഖ്യ പറയുന്ന കേന്ദ്രസർക്കാർ കുംഭമേളയിൽ മരിച്ചവരുടെ എണ്ണവും പുറത്ത് വിടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
കുംഭമേളയിലെ യഥാർഥ മരണസംഖ്യ മറച്ചുവെക്കുകയാണ് യു.പി സർക്കാർ ചെയ്യുന്നത്. മരണസംഖ്യ മറച്ചുവെക്കുന്നവർക്കെതിരെയും നടപടി വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ലോക്സഭയിൽ സംസാരിക്കുമ്പോഴാണ് അഖിലേഷ് യു.പി സർക്കാറിനേയും കേന്ദ്രത്തെയും വിമർശിച്ച് രംഗത്തെത്തിയത്.
ഞങ്ങൾ ഡബിൾ എൻജിൻ സർക്കാറിനെ ചോദ്യം ചെയ്യുകയാണ്. നാണക്കേടില്ലെങ്കിൽ ദുരന്തത്തിലെ യഥാർഥ മരണസംഖ്യ പുറത്ത് വിടുകയാണ് വേണ്ടത്. സത്യം മറച്ചുവെക്കുന്നതും ഒരു കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ ചിലർക്ക് രക്ഷിതാക്കളെ നഷ്ടപ്പെട്ടു. മറ്റു ചിലർക്ക് മകളേയും വേറെ ചിലർക്ക് ബന്ധുക്കളേയും നഷ്ടമായി. എത്ര കുട്ടികൾ ദുരന്തത്തിൽ മരിച്ചുവെന്നത് ഇപ്പോഴും അവ്യക്തമാണ്. തീർഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നുണ്ട്. എന്നാൽ, മരണസംഖ്യ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ല. ആളുകൾ മരിക്കുമ്പോൾ കുംഭമേള സ്ഥലത്ത് പുഷ്പവൃഷ്ടി നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിട്ടും കുംഭമേള ദുരന്തത്തിൽ പ്രതികരണം നടത്താൻ യു.പി സർക്കാറായില്ല. 16 മണിക്കൂറിന് ശേഷമാണ് കുംഭമേള ദുരന്തത്തിൽ യു.പി സർക്കാർ പ്രതികരണം നടത്തിയത്.
മഹാകുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്കൂട്ടിലായി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലെ ഉത്തർപ്രദേശ് സർക്കാർ. ദുരന്തം നടന്ന് 16 മണിക്കൂറിന് ശേഷമാണ് മരിച്ചവരുടെ എണ്ണം ഭരണകൂടം വെളിപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.