ഇ.ഡി മേധാവിയുടെ കാലാവധി സുപ്രീംകോടതി നീട്ടി നൽകി; സെപ്റ്റംബർ 15 വരെ തുടരാം
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടർ സൻജയ് കുമാർ മിശ്രയുടെ കാലാവധി സുപ്രീംകോടതി നീട്ടി നൽകി. കേന്ദ്ര സർക്കാർ നൽകിയ അപ്പീലിൽ പൊതുതാൽപര്യം മുൻനിർത്തിയാണ് കോടതി ഉത്തരവ്.
പലതവണയായി എൻഫോഴ്സ്മെന്‍റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിനൽകുന്ന നടപടി അനധികൃതമാണെന്ന് സുപ്രീംകോടതി വിമർശിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് കാലാവധി വീണ്ടും നീട്ടുന്നതിനായി കേന്ദ്രം കോടതിയെ സമീപിച്ചത്. ഇനിയൊരു കാരണവശാലും കാലാവധി നീട്ടിനൽകില്ലെന്നും സെപ്റ്റംബർ 15ന് അർധരാത്രിക്കു മുമ്പായി മിശ്ര പദവി ഒഴിയണമെന്നും കോടതി കർശന നിർദേശം നൽകി.
ഇന്ത്യയിലെ അനധികൃത പണമിടപാടുകൾക്കെതിരായ അന്വേഷണം അന്തർദേശീയ വേദിയായ എഫ്.എ.ടി.എഫ് അവലോകനം നടത്തുന്നതിനാൽ ഇ.ഡി മേധാവിയായി മിശ്രയെ ഒക്ടോബർ 15വരെ തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എഫ്.എ.ടി.എഫ് അവലോകന യോഗത്തിൽ മിശ്രയുടെ അസാന്നിധ്യം ഇന്ത്യയുടെ ദേശീയതാൽപര്യത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായി, ഹിമാ കോഹ്ലി, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിരുന്നു.
നേരത്തെ, നിയമനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയശേഷമാണ് ഈ മാസം 31വരെ മിശ്രയെ തുടരാൻ സുപ്രീംകോടതി അനുവദിച്ചത്. ഇന്ത്യൻ റവന്യൂ സർവിസ് ഓഫിസർക്ക് കാലാവധി നീട്ടിനൽകരുതെന്ന 2021ലെ തീരുമാനത്തിന് വിരുദ്ധമായി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടൽ അനധികൃതമാണെന്നാണ് ജൂലൈ 11ന് സുപ്രീംകോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

