ജാർഖണ്ഡിൽ മാവോവാദി-സുരക്ഷാസേന ഏറ്റുമുട്ടൽ; കോടി ഇനാം പ്രഖ്യാപിച്ച മാവോവാദിയെ വധിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ജാർഖണ്ഡ്: ഹസാരിബാഗിലെ ഗിർഹോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനതിത്രി വനത്തിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് സഹദേവ് സോറനും മറ്റ് രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
ബൊക്കാറോയുടെയും ഗിരിധിന്റെയും അതിർത്തി പ്രദേശത്താണ് ഈ വനം. തിങ്കളാഴ്ച രാവിലെ, കോബ്ര, ഗിരിധി, ഹസാരിബാഗ് പൊലീസിന്റെ സംയുക്ത സംഘം കാട്ടിൽ മാവോവാദികൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. തലക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്ന സഹദേവ് സോറൻ ഒരു വലിയ മാവോയിസ്റ്റ് ആക്രമണം നടത്താൻ തയാറെടുക്കുന്നതായി സംഘത്തിന് വിവരം ലഭിച്ചു. സൂചനയുടെ അടിസ്ഥാനത്തിലെത്തിയ സുരക്ഷാസംഘവും മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായി.
തുടർച്ചയായി നടന്ന വെടിവെപ്പിനെ തുടർന്ന് വനത്തിൽ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. അതിലൊന്ന് കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോവാദി സഹദേവ് സോറന്റേതാണെന്ന് തിരിച്ചറിഞ്ഞു. രണ്ടാമത്തെയാൾ നിർഭയ്,ചഞ്ചൽ, ബിർസെൻ എന്ന പേരുകളിൽ കുപ്രസിദ്ധി നേടിയ രഘുനാഥ് ഹെംബ്രാം ആണ്. മാവോവാദികളിലെ സ്പെഷൽ ദളത്തിലെ അംഗമായിരുന്നു സർക്കാർ 25ലക്ഷം ഇനാം പ്രഖ്യാപിച്ച രഘുനാഥ്. സംഭവസ്ഥലത്തുനിന്ന് മൂന്ന് എ.കെ.47 തോക്കുകളും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ആറുമാസത്തിനിടെ കോടി രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ച രണ്ടാമത്തെയാളെയാണ് പൊലീസും സുരക്ഷാസംഘവും ഏറ്റുമുട്ടലിൽ വധിക്കുന്നത്. സഹദേവ് സോറൻ മാവോവാദി കേന്ദ്രദളത്തിലെ അംഗമാണ്. ഹസാരിബാഗ് സ്വദേശിയായ സഹദേവ് അർജുൻ സോറൻ, അമലേഷ്, എന്നപേരുകളിലും അറിയപ്പെട്ടിരുന്നു.
ഏപ്രിൽ 21നായിരുന്നു ഏറ്റുമുട്ടൽ നടന്നത്. അന്ന് വിവേക് എന്ന പ്രയാഗ് മാജി സഹിതം എട്ടുപേരെ വധിച്ചിരുന്നു. ജാർഖണ്ഡിലെ മാവോവാദി കേന്ദ്രദളത്തിലെ മൂന്നുപേർ കൂടി ഇനി പിടിയിലാവാനുണ്ട്. മിസിർ ബേസര, ഭാസ്കർ,സുനിർമൽ എന്നപേരുകളുള്ള സാഗർ, അസീം മണ്ഡൽ, ആകാശ് എന്നപേരുകളുള്ള തിമിർ, പതിരാം മാജി, രമേശ് എന്നപേരുകളുള്ള പതിരാം മാറാഠി എന്നിവർക്കാ സർക്കാർ ഓരോ കോടി ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഹസാരിബാഗ് എസ്.പി, ഗിരിധി എസ്.പി, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്, പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. സുരക്ഷാ ഏജൻസികളുടെ അഭിപ്രായത്തിൽ, മാവോവാദികൾക്കെതിരെയുള്ള പ്രധാന വിജയമായാണ് ഇത് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

