ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ മെത്താൻ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫുമാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരനെ ജമ്മു കശ്മീർ പൊലീസ് വധിച്ചിരുന്നു.
ജമ്മു–കശ്മീരിൽ വനിത പ്രിൻസിപ്പലുൾപ്പെടെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ കഴിഞ്ഞ ദിവസം ഭീകരർ വെടിവെച്ചു കൊന്നിരുന്നു. ശ്രീനഗറിലെ സൻഗം ഈദ്ഗാഹ് മേഖലയിലെ സഫകദലിലുള്ള ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുപീന്ദർ കൗർ (44), അധ്യാപകൻ ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്കൂളിലേക്ക് ഇരച്ചു കയറിയ തോക്കുധാരികൾ ആളുകളുടെ ഐഡി കാർഡുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രിൻസിപ്പലിന്റെ ഓഫിസിൽ വെച്ച് ഇരുവർക്കും നേരെ ഭീകരർ വെടിയുതിർത്തത്.

