റെയിൽവേ ടിക്കറ്റ് പരിശോധകർ കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്നതായി ജീവനക്കാരുടെ സംഘടന
text_fieldsഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. ഹേമന്ത് സോണി പ്രസംഗിക്കുന്നു
ഹൈദരാബാദ്: മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിശ്രമമുറി സൗകര്യങ്ങളും നിഷേധിക്കുക വഴി കടുത്ത മനുഷ്യാവകാശലംഘനമാണ് റെയിൽവേ ബോർഡ്, സോണൽതല ഉന്നത ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ. ടിക്കറ്റ് പരിശോധകരുടെ വിശ്രമ മുറികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർഷങ്ങളായി റെയിൽവേ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്രമീകരിക്കാത്തതിൽ മനുഷ്യാവകാശ കമീഷനെ ഓർഗനൈസേഷൻ സമീപിക്കുമെന്നും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി. കോവിഡിന്റെ പേരും പറഞ്ഞ് നിർത്തലാക്കിയ നൈറ്റ് ഡ്യൂട്ടി അലവൻസ് പുനഃസ്ഥാപിക്കാൻ നിയമ പോരാട്ടം നടത്തുവാനും ഹൈദരാബാദിലെ കാച്ചിഗുഡായിൽ ചേർന്ന യോഗം തീരുമാനിച്ചു.
ടിക്കറ്റ് പരിശോധകരുടെ ഒഴിവുകളിൽ നിയമനം നടത്തുക, ട്രെയിനുകളുടെയും കോച്ചുകളുടെയും വർധനക്ക് അനുസൃതമായി ടിക്കറ്റ് പരിശോധകരുടെ തസ്തികകളുടെ എണ്ണം ഉയർത്തുക, നിയമാനുസൃതമായി ട്രേഡ് യൂണിയൻ പ്രവർത്തന സ്വാതന്ത്ര്യം നിലനിർത്തുക, കോവിഡ് കാലത്ത് നിർത്തലാക്കിയ എല്ലാ പാസഞ്ചർ ട്രെയിനുകളും പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ദേശീയ വർക്കിങ് പ്രസിഡന്‍റ് കെ.എൽ വിക്ടർ റാവു യോഗത്തിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ഹേമന്ത് സോണി, വൈസ് പ്രസിഡൻറ് എൻ.എസ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാൻ, ലോകേഷ് റാവു, വീണ ബെല്ലാരി, കെ. ശങ്കർ, ജെ. ജിജിത്ത്, ഹേമന്ദ് വേദ്പഠക്ക്, സഞ്ജയ് ദുബേ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

