ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർ, പൊതുമേഖല ബാങ്കുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവർക്ക് ആഘോഷക്കാല അലവൻസുകൾ പ്രഖ്യാപിച്ച് കേന്ദ്രം. കുടുംബത്തോടൊപ്പം യാത്ര പോകുന്നതിന് അനുവദിക്കുന്ന എൽ.ടി.സി അലവൻസിനു പകരം കാഷ് വൗച്ചറുകൾ. പുറമെ, 10,000 രൂപ അഡ്വാൻസ്. മാർച്ച് 31നകം പ്രയോജനപ്പെടുത്താം.
കോവിഡ് കാലത്തെ വിപണി മാന്ദ്യം മാറ്റാനുള്ള ഉപായമായി അവതരിപ്പിക്കുന്ന ഇളവുകൾ ഉപാധികൾക്കു വിധേയം. കാഷ് വൗച്ചർ ഉപയോഗിച്ച് വാങ്ങുന്നത് 12 ശതമാനത്തിൽ കുറയാത്ത ജി.എസ്.ടി ഉള്ള സാധനങ്ങളായിരിക്കണം.
ജി.എസ്.ടിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കടകളിൽനിന്ന് ഡിജിറ്റൽ പണമിടപാടാണ് നടത്തേണ്ടത്. കോവിഡ് കാലത്ത് യാത്ര പറ്റാത്തതുകൊണ്ടാണ് കാഷ് വൗച്ചർ പദ്ധതി.
10,000 രൂപ പലിശരഹിത അഡ്വാൻസ് നൽകുന്നത് രൊക്കം പണമല്ല. അത്രയും തുകയുടെ പ്രീ പെയ്ഡ് റൂപേ കാർഡ് നൽകും. സാധനങ്ങൾ വാങ്ങാം. 10 ഗഡുക്കളായി തിരിച്ചടക്കണം.
ആഘോഷക്കാല അഡ്വാൻസ് ആറാം ശമ്പള കമീഷൻ മുതൽ നിർത്തലാക്കിയെങ്കിലും കോവിഡ് പ്രതിസന്ധിയും വിപണി മാന്ദ്യവും കണക്കിലെടുത്താണ് ഇത്തവണത്തേക്ക് ഒറ്റത്തവണ അഡ്വാൻസെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
കാഷ് വൗച്ചർ പദ്ധതി വഴി കേന്ദ്രസർക്കാർ ജീവനക്കാരിലൂടെ 5675 കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിലെ ജീവനക്കാർ വഴി 1900 കോടിയും റൂപേ കാർഡ് വഴി 4000 കോടിയും വിപണിയിലെത്തും.
സംസ്ഥാനങ്ങൾക്ക് 12,000 കോടി
ന്യൂഡൽഹി: നിർമാണ പദ്ധതികളിൽ മുതൽമുടക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കുമായി 12,000 കോടി രൂപ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ. 50 വർഷം കഴിഞ്ഞ് ഒറ്റത്തവണയായി തിരിച്ചടച്ചാൽ മതി. അതേസമയം, പങ്കിട്ടു വരുേമ്പാൾ ഓരോ സംസ്ഥാനങ്ങൾക്കും വിഹിതം നാമമാത്രമാവും.
കേന്ദ്രസർക്കാറിെൻറ പരിഷ്കരണ നടപടികളുമായി സഹകരിച്ച സംസ്ഥാനങ്ങൾക്ക് 2000 കോടി കിട്ടും. 1600 കോടി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവക്ക് 900 കോടി.
കരാറുകാർക്കും സാധനങ്ങൾ നൽകിയവർക്കും കൊടുത്തു തീർക്കാനും വായ്പ പ്രയോജനപ്പെടുത്താമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.