ജമ്മു കശ്മീരിൽ ആരാധനാലയത്തിലെ ദേശീയ ചിഹ്ന വിവാദം കത്തിക്കാൻ ബി.ജെ.പി; മത ചടങ്ങിലെ ഫലകത്തിൽ അശോക ചിഹ്നം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രീയ പാർട്ടികളും പുരോഹിതൻമാരും ബി.ജെ.പിയും തമ്മിൽ പുതിയ ഏറ്റുമുട്ടലിന് വഴിമരുന്നിട്ട് ഹസ്രത്ത്ബാൽ ദർഗയിലെ ദേശീയ ചിഹ്ന വിവാദം. മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഒരു മതസ്ഥലത്ത് ചിഹ്നം സ്ഥാപിച്ചതിനെ അപലപിക്കുകയും വഖഫ് മേധാവി ദാരക്ഷൻ ആന്ദ്രാബിയെ പുറത്താക്കുകയും നടപടിയെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ ഒരു മത ചടങ്ങിലോ മതസ്ഥാപനത്തിലോ അശോക സ്തംഭത്തിന്റെ ചിഹ്നം ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും ഇവിടെ അത് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും ഉമർ ചോദിച്ചു.
വെള്ളിയാഴ്ച ഒരു കൂട്ടം പേർ ഹസ്രത്ത്ബാൽ ദർഗക്കുള്ളിലെ ഉദ്ഘാടന ഫലകത്തിൽ കൊത്തിവെച്ചിരുന്ന അശോക ചിഹ്നം നീക്കംചെയ്തിരുന്നു. ദർഗയിൽ ഒരു വിഗ്രഹം സ്ഥാപിച്ചതിന് തുല്യമാണെന്ന് ആരോപിച്ചായിരുന്നു ഈ പ്രവൃത്തി. ബി.ജെ.പി നേതാവായ ആന്ദ്രാബി സംഭവത്തെ തീവ്രവാദ ആക്രമണമായി ചിത്രീകരിക്കുകയും പൊതുസുരക്ഷാ നിയമപ്രകാരം കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലരെ ചോദ്യം ചെയ്യലിനായി പൊലീസ് ഇതിനകം വിളിച്ചുവരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച കശ്മീരിൽ നടക്കുന്ന ഈദ് മിലാദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. ശനിയാഴ്ച ഹസ്രത്ത്ബാലിലും താഴ്‌വരയിലെ മറ്റ് സ്ഥലങ്ങളിലും ആദരാഞ്ജലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു.
ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ബി.ജെ.പിയുടെ സുനിൽ ശർമ ആന്ദ്രാബിയെ പിന്തുണച്ച് രംഗത്തെത്തി. ദേശീയ ചിഹ്നത്തെ ഇന്ത്യയുടെ ഐക്യത്തിന്റെയും സമഗ്രതയുടെയും പരമാധികാരത്തിന്റെയും പ്രതീകമായി വിശേഷിപ്പിച്ചു. നാഷനൽ കോൺഫറൻസ് ഈ വിഷയത്തെ ന്യായീകരിച്ച രീതി, ദേശവിരുദ്ധ ഘടകങ്ങളെയും തീവ്രവാദികളെയും പിന്തുണക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി രൂപപ്പെട്ട ഒരു അർധ വിഘടനവാദി ഗ്രൂപ്പാണ് ഇത് എന്ന വിശ്വാസത്തെ സ്ഥിരീകരിക്കുന്നുവെന്ന് ശർമ ആരോപിച്ചു.
എന്നാൽ, കശ്മീരിലെ പാർട്ടികളും പുരോഹിതന്മാരും ഹസ്രത്ബാലിൽ ചിഹ്നത്തിന്റെ സാന്നിധ്യത്തെ ഒറ്റക്കെട്ടായി ചോദ്യം ചെയ്തു. മാതാ വൈഷ്ണോ ദേവി ദേവാലയത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനത്തിന്റെ ഫോട്ടോകൾ നാഷനൽ കോൺഫറൻസ് പോസ്റ്റ് ചെയ്തു. അവിടെ ഒരു ചിഹ്നവും കാണാൻ കഴിഞ്ഞില്ലെന്നും അത് ഒരു മുസ്‍ലിം മതസ്ഥലത്ത് എന്തിനാണ് സ്ഥാപിച്ചതെന്നും പാർട്ടി ചോദിച്ചു. സർക്കാർ സ്ഥലങ്ങളിൽ മാത്രമാണ് ഒരു ദേശീയ ചിഹ്നം ഉപയോഗിക്കുന്നതെന്നും പള്ളികൾ, ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ തുടങ്ങിയ മതസ്ഥലങ്ങളിൽ ഇത് ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു. ആന്ധ്രാബിയിൽ നിന്ന് ക്ഷമാപണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഭീഷണിപ്പെടുത്തുന്നത് അവരെ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ദേവാലയം തന്റെ മുത്തച്ഛനായ ശൈഖ് മുഹമ്മദ് അബ്ദുല്ല നിർമിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അദ്ദേഹം ഒരിക്കലും ഒരു ഫലകം സ്ഥാപിച്ചിട്ടില്ല.
ഹസ്രത്ത്ബാലിൽ അശോക ചിഹ്നം സ്ഥാപിച്ചതിനെ ഒരു വിഗ്രഹം സ്ഥാപിക്കുന്നതിന് തുല്യമായി മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പ്രതികരിച്ചു. ചിഹ്നത്തിനുനേരെ ആക്രമണം നടന്നിട്ടില്ലെന്നും വിഗ്രഹാരാധനക്കെതിരായ ഒരു പ്രയോഗമാണെന്നും മെഹബൂബ പറഞ്ഞു. ‘നിങ്ങൾ തീവ്രവാദികൾ എന്ന് വിളിക്കുകയും അവർക്കെതിരെ പൊതുസുരക്ഷാ നിയമം ആവശ്യപ്പെടുകയും ചെയ്യുന്നു. സെക്ഷൻ 296 എ പ്രകാരം ആന്ദ്രാബിക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. കാരണം ഇത് ഞങ്ങൾക്ക് ദൈവനിന്ദയാണെന്നും മുഫ്തി പറഞ്ഞു.
‘പ്രധാനമന്ത്രിയും ലെഫ്റ്റനന്റ് ഗവർണറും പങ്കെടുക്കുന്ന മതപരമായ ചടങ്ങുകൾക്കുപോലും ദേശീയ ചിഹ്നം ഉപയോഗിക്കാറില്ല. പിന്നെന്തിന് ആന്ധ്രാബിക്ക്? ഒരു ആരാധനാലയത്തിൽ ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നത് 2005ലെ ഇന്ത്യൻ ദേശീയ ചിഹ്ന (അനുചിതമായ ഉപയോഗം നിരോധിക്കൽ) നിയമത്തിന്റെ ലംഘനമാണ്. ഇത് ഇന്ത്യയുടെ മതേതര ഘടനയെ അപമാനിക്കുന്നു. ദേശീയ ചിഹ്ന നിയമം ലംഘിച്ചതിന് ആന്ദ്രാബിയെ ഉടൻ പിരിച്ചുവിടണമെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെടുന്നു’ വെന്നും നാഷണൽ കോൺഫറസ് പ്രസ്താവനയിൽ പറഞ്ഞു.
അശോക ചക്ര ഫലകം ഉടൻ നീക്കം ചെയ്യണമെന്ന് ഉന്നത പുരോഹിത സംഘടനയായ മുത്തഹിദ മജ്‌ലിസെ ഉലമ ആവശ്യപ്പെട്ടു. ‘ഹസ്രത്ത്ബാൽ വെറുമൊരു ഘടനയല്ല. നൂറ്റാണ്ടുകളായി ഭക്തിയിലൂടെ നമ്മുടെ വിശ്വാസത്തോടും സ്വത്വത്തോടും ബന്ധപ്പെട്ടിരിക്കുന്ന ജമ്മു കശ്മീരിലെ മുസ്‍ലിംകളുടെ ആത്മീയ ഹൃദയമാണിത്. അതിന്റെ പവിത്രതയെ ദുർബലപ്പെടുത്തുന്ന ഏതൊരു മാറ്റവും അതിനോട് ബന്ധപ്പെട്ടിരിക്കുന്ന ഭക്തരുടെ വികാരങ്ങളെ ആഴത്തിൽ വേദനിപ്പിക്കും’ -മുഖ്യ പുരോഹിതൻ മിർവൈസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന സംഘടന പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

