ഭീമ കൊറേഗാവ് കേസ്; മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം
text_fieldsമുബൈ: ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം. നിയമ ബിരുദ പരീക്ഷ എഴുതാനാണ് ഏപ്രിൽ 20 മുതൽ മെയ് 16 വരെ പ്രത്യേക എൻ.ഐ.എ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നിലവിൽ നവി മുംബൈയിലെ തലോജ ജയിലിലാണ് മഹേഷ് റാവത്ത്.
രണ്ടാം സെമസ്റ്റർ എൽ.എൽ.ബി പരീക്ഷക്കായി ജഡ്ജി ചകോർ ഭവിസ്‌കറാണ് മഹേഷ് റാവത്തിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വ്യക്തിഗത തിരിച്ചറിയൽ ബോണ്ട്, അതേ തുകയുടെ ആൾജാമ്യം എന്നിവ നൽകണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നൽകിയത്.
ജാമ്യത്തിന്‍റെ കാലയളവിലെ മഹേഷിന്‍റെ താമസ വിലാസത്തിന്റെ തെളിവും സജീവമായ ഒരു മൊബൈൽ നമ്പറും ജയിൽ അധികാരികൾക്കും അന്വേഷണ ഏജൻസിക്കും നൽകാനും കോടതി നിർദ്ദേശിച്ചു. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും പരീക്ഷ കഴിഞ്ഞ അതേ ദിവസം തന്നെ ജയിൽ അധികാരിക്ക് മുന്നിൽ കീഴടങ്ങണമെന്നും കോടതി പറഞ്ഞു.
2017 ഡിസംബർ 31ന് പൂണെയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് മഹേഷ് റാവത്തിനും മറ്റ് 14 പ്രവർത്തകർക്കുമെതിരെ കേസെടുത്തത്. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നതെന്ന് പൂണെ പൊലീസ് പറയുന്നു. പിന്നീട് ദേശീയ അന്വേഷണ ഏജൻസി കേസിന്‍റെ അന്വേഷണം ഏറ്റെടുത്തു.
2018 ജൂണിലാണ് മഹേഷ് റാവത്തിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നിവയാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ. നിരോധിത സംഘടനകൾക്ക് ഫണ്ട് നൽകിയതായി എൻ.ഐ.എയും ആരോപിച്ചിരുന്നു. കുറ്റാരോപിതനായ ജെസ്യൂട്ട് പുരോഹിതനും ആക്ടിവിസ്റ്റുമായ സ്റ്റാൻ സ്വാമി 2021ൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

