എൽഗാർ പരിഷത് കേസ്; സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: എൽഗാർ പരിഷത്-മാവോയിസ്റ്റ് ബന്ധ കേസിൽ കുറ്റാരോപിതനായ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 17ലേക്ക് മാറ്റി സുപ്രീം കോടതി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റിവെച്ചത്.
2023 മുതൽ ഹരജിയിൽ തീർപ്പുകൽപ്പിക്കാത്തത് ചൂണ്ടിക്കാട്ടി മാറ്റിവെക്കണമെന്ന രാജുവിന്റെ അഭ്യർഥനയെ സുരേന്ദ്ര ഗാഡ്‌ലിങ്ങിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ എതിർത്തു. ഗാഡ്‌ലിങ് ആറ് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും കേസിൽ കുറ്റം ചുമത്തിയിട്ടില്ലെന്നും ഗ്രോവർ പറഞ്ഞു.
ആഗസ്റ്റ് 26ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് ജാമ്യാപേക്ഷ കേൾക്കുന്നതിൽ നിന്ന് പിന്മാറിയതായി അറിയിച്ചതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നേരത്തെ, ജസ്റ്റിസുമാരായ സുന്ദരേഷ്, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കാൻ തീരുമാനിച്ചിരുന്നു.
ആഗസ്റ്റ് എട്ടിന് ഗ്രോവർ ചീഫ് ജസ്റ്റിസ് ഗവായിയുടെ മുമ്പാകെ ഈ വിഷയം നേരത്തെ വാദം കേൾക്കുന്നതിനായി പരാമർശിച്ചു. സുപ്രീം കോടതി ജാമ്യാപേക്ഷ 11 തവണ മാറ്റിവെച്ചിട്ടുണ്ടെന്നും ഗ്രോവർ കൂട്ടിച്ചേർത്തു. ഇതിനുമുമ്പ്, മാർച്ച് 27ന് കേസിൽ ഗാഡ്ലിങ്ങിന്റെയും ആക്ടിവിസ്റ്റ് ജ്യോതി ജഗ്താപിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

