ഫോട്ടോയെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു
text_fieldsകൊൽകത്ത: ബംഗാൽ ഹൈവേയിൽ ഫോട്ടെയെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. കൊൽകത്തയിലെ ജൽപെയ്ഗുരി ബാങ്കിലെ സുരക്ഷ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാൻ (40) ആണ് മരിച്ചത്. ലത്താഗുരി വനത്തിന് അരികെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവമുണ്ടായത്.
യാത്രാമധ്യേ അപ്രതീക്ഷിതമായാണ് സാദിഖ് റഹ്മാൻ ആന വഴിയിൽനിൽക്കുന്നതു കണ്ടത്. ആന റോഡ് മുറിച്ചു കടക്കുന്നതിനാൽ വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.ഈ സമയം കാറിൽ നിന്നിറങ്ങി ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണ് വിനയായത്.
സാദിഖിനെ ചവിട്ടിവീഴ്ത്തി 15 മിനിറ്റിനുശേഷമാണ് ആന സ്ഥലത്തുനിന്നു മാറാൻ തയാറായത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് സാദിഖ് മരിച്ചിരുന്നു.
സംസ്ഥാന സർക്കാറിന്റെ കണക്കനുസരിച്ച് 84 പേരാണ് ബംഗാളിൽ കഴിഞ്ഞ വർഷം ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
