Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightദസറ ആവേശത്തിലേക്ക്...

ദസറ ആവേശത്തിലേക്ക് മൈസൂരു; കൊട്ടാരത്തിലെത്തിയ ആനകൾക്ക് രാജകീയ സ്വീകരണം

text_fields
bookmark_border
https://www.madhyamam.com/tags/mysuru-dasara
cancel
camera_alt

മൈസൂരു ദസറ ആഘോഷങ്ങളുടെ മുന്നോടിയായി ആരണ്യ ഭവനിൽ നിന്ന് കൊട്ടാരത്തിലേക്കുള്ള ആനകളുടെ എഴുന്നള്ളത്ത്

മൈസൂരു: ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു ആരണ്യ ഭവനിൽ നിന്ന് കൊട്ടാരത്തിലേക്ക് എഴുന്നള്ളിയ ഒമ്പത് ആനകളുടെ ആദ്യ സംഘത്തിന് ആചാരപൂർവമായ വരവേൽപ്പ്. കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിൽ ജില്ല ഭരണകൂടവും കൊട്ടാരം ബോർഡും ചേർന്ന് പരമ്പരാഗത രീതിയിലാണ് സ്വീകരണം ഒരുക്കിയത്.

ലക്ഷ്മി, കാവേരി, ധനഞ്ജയൻ, ഗോപി, ശ്രീരാമൻ, പ്രശാന്ത, മഹേന്ദ്ര, ശ്രീകണ്ഠ, ഏകലവ്യ എന്നീ ആനകൾ ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ക്ഷേത്ര സന്നിധിയിൽ നാദസ്വര, പൊലീസ് ബാൻഡ് താളങ്ങൾക്കിടയിൽ ആചാരപരമായ പൂജക്കായി അണിനിരന്നു. വനം-പരിസ്ഥിതി മന്ത്രി രാമലിംഗ റെഡ്ഡി പൂജയും പുഷ്പാർച്ചനയും നടത്തി.

കൊട്ടാരത്തിന് മുന്നിൽ ദസറക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ മൈസൂരു ഡി.സി ജി. ലക്ഷ്മികാന്ത് റെഡ്ഡിക്ക് ആനകളെ ഔദ്യോഗികമായി കൈമാറി. ആനകൾക്ക് ശർക്കര, പഴങ്ങൾ, മോദകം തുടങ്ങിയ പലഹാരങ്ങൾ നൽകി.

ആനകളെ പരിചരിക്കുന്നവരുടെ കുടുംബങ്ങൾക്ക് ഗ്യാസ് സ്റ്റൗ, ഗ്യാസ് പൈപ്പ്, റെഗുലേറ്റർ, പാചകം ചെയ്യാൻ ലൈറ്റർ, സ്ത്രീകൾക്ക് സാരി, ബ്ലൗസ്, ഷർട്ട്, ലുങ്കി, സ്ത്രീകൾക്ക് ടവൽ, ബക്കറ്റ്, ജഗ്ഗ്, രണ്ട് പായ, രണ്ട് ബെഡ്ഷീറ്റുകൾ എന്നിവ അടങ്ങിയ കിറ്റ് നൽകി. ആനകൾ ഒമ്പത് ടെന്റുകളിലായിരിക്കും താമസിക്കുക.

പാപ്പാന്മാരും കാവടികളും അവരുടെ കുടുംബങ്ങളും 18 ടെന്റുകളിലും. കൊട്ടാരവളപ്പിലെ നാല് അധിക ടെന്റുകളിൽ പാചകക്കാർ ഉൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫും ഉണ്ടാകും. ആനകളും അവയുടെ പരിചാരകരും കുടുംബങ്ങളും ഈ വർഷത്തെ ദസറയുടെ അവസാനം വരെ ഇവിടെ താമസിക്കും.

ദസറ ഘോഷയാത്രക്കായി ആനകളുടെ തൂക്കംനോക്കി പ്രത്യേക പോഷകസമൃദ്ധമായ ഭക്ഷണം നൽകി ശരീരശേഷി വർധിപ്പിക്കും. വരും ദിവസങ്ങളിൽ ഈ വർഷത്തെ ദസറ സവാരി ഘോഷയാത്രക്കായി അവയെ ഘട്ടംഘട്ടമായി പരിശീലിപ്പിക്കും.

ചാമുണ്ഡേശ്വരി ദേവിയുടെ മുഖ്യ പൂജാരി ശശിശേഖർ ദീക്ഷിത്, മൈസൂരു കൊട്ടാരം ഗണേശ ക്ഷേത്ര പൂജാരി എസ്.വി. പ്രഹ്ലാദ് റാവു എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു. സിറ്റി പൊലീസും ബി. മഞ്ജുനാഥിന്റെ നേതൃത്വത്തിൽ 30 അംഗ പൊലീസ് ബാൻഡും ആനകൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി.

പിന്നീട് കുതിരപ്പടയാളികൾ, കലശങ്ങൾ ധരിച്ച സ്ത്രീകൾ, ദർബാർ വേഷം ധരിച്ച പുരുഷന്മാർ, നാടോടി സാംസ്കാരിക കലാസംഘങ്ങൾ എന്നിവ അണിനിരന്ന ഘോഷയാത്ര സംഘടിപ്പിച്ചു. തദ്ദേശീയരും വിനോദ സഞ്ചാരികളുമടങ്ങുന്ന വൻ ജനാവലി പാതയോരങ്ങളിൽ കാണികളായി.

മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. എസ്. യതീന്ദ്ര സിദ്ധരാമയ്യ, എം.എൽ.എമാരായ ജി.ടി. ദേവഗൗഡ, ടി.എസ്. ശ്രീവത്സ, മൈസൂരു ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, മൈസൂരു ഡിവിഷൻ റീജനൽ കമീഷണർ നിതേഷ് പാട്ടീൽ, പൊലീസ് കമീഷണർ സീമ ലട്കർ, മൈസൂരു പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്മണ്യ, എം.സി.സി കമീഷണർ എം.കെ. സവിത, ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി സെക്രട്ടറി എം.ജെ. രൂപ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant processionRamalinga ReddypalaceMysuru Dasara
Next Story