കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തു; തുടർ സന്ദർശനവുമായി മോദി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രി ബസവരാജ് െബാമ്മൈയും (ഫയൽ ചിത്രം)
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ തുടർ സന്ദർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ഹുബ്ബള്ളിയിൽ നടക്കുന്ന ദേശീയ യൂത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി 19ന് നാരായൺപൂരിലെ കനാൽ ഉദ്ഘാടനം, ഫെബ്രുവരിയിൽ ശിവമൊഗ്ഗ വിമാനത്താവളം, മാർച്ചിൽ ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം എന്നിവയും നിർവഹിക്കും.
തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിൽ ചെറുതും വലുതുമായ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മോദി നിരന്തരം സന്ദർശിച്ചത് വോട്ടർമാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമായാണെന്ന വിമർശനമുയർന്നിരുന്നു. കർണാടകയിലും ഇതേ രീതിയാണ് ബി.ജെ.പി പയറ്റുന്നത്.ദേശീയ യുവജന ദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ വ്യാഴാഴ്ച ഹുബ്ബള്ളി റെയിൽവേ ഗ്രൗണ്ടിൽ 26ാമത് ദേശീയ യുവജനോത്സവത്തിന് തുടക്കമാവും.
കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം കർണാടക സർക്കാറുമായി ചേർന്ന് സംഘടിപ്പിക്കുന്ന മേളയിൽ 28 സംസ്ഥാനങ്ങളിൽനിന്നും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള 30,000 ത്തിലേറെ പേർ പങ്കെടുക്കും. 7,500 പ്രതിനിധികളുണ്ടാകും. സാംസ്കാരിക- കായിക പരിപാടികളും ചർച്ചയും പരിപാടിയുടെ ഭാഗമാവും. ഞായറാഴ്ച 31 ജില്ലകളിലും രാവിലെ ആറുമുതൽ എട്ടുവരെ യോഗത്തോൺ സംഘടിപ്പിക്കും.
യുവജനോത്സവം തിങ്കളാഴ്ച സമാപിക്കും.ജനുവരി 19ന് നാരായൺപൂർ ലെഫ്റ്റ് ബാങ്ക് കനാൽ ഉദ്ഘാടനവും മോദി നിർവഹിക്കും. കേന്ദ്ര ഫണ്ടുപയോഗിച്ച് നവീകരിച്ച കനാലാണിത്. ഇതേ ദിവസം തന്നെ വടക്കൻ കർണാടകയിലെ ബഞ്ചാര സമുദായവുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
ഉഠാൻ പദ്ധതി പ്രകാരം നിർമിച്ച ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന് ശിവമൊഗ്ഗ എം.പി ബി.വൈ. രാഘവേന്ദ്ര അറിയിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ റൺവേ എന്ന ഖ്യാതിയോടെ പണി പൂർത്തിയാക്കിയ വിമാനത്താവളം സേഗണിലാണ്. വിമാനത്താവളത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

