തെരഞ്ഞെടുപ്പ് അക്രമം: ബി.ജെ.പിയുടെ വസ്തുതാന്വേഷണ സംഘം നാളെ ബംഗാൾ സന്ദർശിക്കും
text_fieldsന്യൂഡൽഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങൾ നടന്ന പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ വസ്തുതാന്വേഷണ സംഘം ജൂലൈ 12ന് സന്ദർശിക്കും. മുൻ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തിൽ മുംബൈ പൊലീസ് മുൻ കമീഷണർ സത്യപാൽ സിങ്, രാജ്ദീപ് റോയ്, പാർട്ടി വൈസ് പ്രസിഡന്റ് രേഖ വർമ എന്നിവരാണ് മറ്റംഗങ്ങൾ. വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് തയാറാക്കി പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് കൈമാറും.
18,000 ബൂത്തുകളിൽ വോട്ടിങ്ങിൽ തിരിമറി നടന്നതായും വ്യക്തമായ വിഡിയോ തെളിവുകൾ സഹിതം പരാതി കൊൽക്കത്ത ഹൈകോടതിക്ക് നൽകുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പിൽ വലിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം.
അതേസമയം, പ്രതിപക്ഷ കക്ഷികളാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ അക്രമം നടത്തിയതെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ആരോപിച്ചു. പ്രതിപക്ഷം സംഘടിപ്പിച്ച ആക്രമണങ്ങളുടെ ഏറ്റവും വലിയ ഇര തങ്ങളാണെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രസേനകൾ സമയത്തെത്തിയില്ലെന്നും കുനാൽ ഘോഷ് കുറ്റപ്പെടുത്തി.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിൽ ആക്രമണത്തിനിരയായവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരവും സംഭവത്തിൽ അന്വേഷണവും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരിയെ കോൺഗ്രസ് നിയോഗിച്ചു.
തെരഞ്ഞെടുപ്പിനിടെയുണ്ടായ വിവിധ അക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ബി.എസ്.എഫ് ഐ.ജിയെ നോഡൽ ഓഫിസറായി കൊൽക്കത്ത ഹൈകോടതി നിയമിച്ചു. ആക്രമണങ്ങളിൽ മരിച്ചവരെ സംസ്കരിക്കാൻ ബന്ധുക്കൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ സർക്കാറിന് കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

