വരുമോ, ഹിമാചലിൽ ധൂമൽ
text_fieldsഷിംല: ഹിമാചൽപ്രദേശിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും കരുത്തനായ നേതാവുമായ പ്രേംകുമാർ ധൂമൽ തോറ്റെങ്കിലും അദ്ദേഹത്തെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇദ്ദേഹത്തെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് സാധ്യത തെളിയുന്നത്. നേരത്തേ, രണ്ടുതവണ ഇദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
ഹിമാചലിലെ ഠാകുർ വിഭാഗക്കാരനായ ധൂമലിനെ (73) കഴിഞ്ഞ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ പാർട്ടി അധ്യക്ഷൻ അമിത്ഷായാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. വോട്ടർമാരിൽ 28 ശതമാനവും ഠാകുർ വിഭാഗക്കാരാണ്. ശാന്തകുമാറും കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമാണ് ബി.ജെ.പിയുടെ സംസ്ഥാനത്തെ മറ്റ് പ്രമുഖ നേതാക്കൾ. എന്നാൽ, ശാന്തകുമാറിന് 80 വയസ്സായതിനാൽ പരിഗണിക്കാനിടയില്ല. ജെ.പി. നദ്ദയാകെട്ട ബ്രാഹ്മണ സമുദായക്കാരനാണ്. വോട്ടർമാരിൽ 18 ശതമാനമാണ് ബ്രാഹ്മണ വോട്ടർമാർ.
