മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: കനത്ത തോൽവിക്കിടയിലും ശിവസേനയെ പരിഹസിച്ച് ബി.ജെ.പി
text_fieldsമുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ശിവസേനയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. തോൽവിയെക്കുറിച്ച് 'ശിവസേന' കൂടുതൽ ചിന്തിക്കണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് കൂടിയായ ഫഡ്നാവിസ് പറഞ്ഞു.
'ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഉണ്ടെങ്കിലും അവർക്ക് ഏകസീറ്റിൽ ജയിക്കാനായില്ല. തെരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ കോൺഗ്രസിനും എൻ.സി.പിക്കും സേനയേക്കാൾ കൂടുതൽ ഗുണം ചെയ്തു. പാർട്ടി ഇതിനെക്കുറിച്ച് ചിന്തിക്കണം'- അദ്ദേഹം ശിവസേനയെ പരിഹസിച്ചു.
അതേസമയം പരമ്പരാഗത ശക്തികേന്ദ്രമായ നാഗ്പൂർ, പൂനെ എന്നിവിടങ്ങളിൽ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി പാർട്ടി യോഗത്തിൽ പരാജയം സംബന്ധിച്ച് ചർച്ചചെയ്യുമെന്ന് ഫഡ്നാവിസ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ മികച്ച തയ്യാറെടുപ്പുകൾ നടത്തി ശക്തിയാർജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഈ വോട്ടെടുപ്പിൽ ശിവസേനയുടെയും എൻ.സി.പിയുടെയും കോൺഗ്രസിന്‍റെയും സംയുക്ത ശക്തിയെ തകർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവരോട് കനത്ത പോരാട്ടം വേണ്ടിവരുമെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം. വോട്ടെടുപ്പ് ഫലങ്ങൾ പാർട്ടി വിശകലനം ചെയ്യും' -അദ്ദേഹം പറഞ്ഞു.
മഹാരാഷ് ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ആർ.എസ് .എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ് പൂരിൽ ബി.ജെ.പി സ്ഥാനാർഥി തോറ്റിരുന്നു. കോൺഗ്രസ് സ്ഥാനാർഥി അഭിജിത് വാൻജാരിയാണ് നാഗ് പൂരിൽ ബി.ജെ.പിയെ തകർത്തത്. കേന്ദ്രമന്ത്രി നിതിൻ ഗഡ് കരിയുടെ തട്ടകമെന്ന് അറിയപ്പെടുന്ന നാഗ് പൂർ ബി.ജെ.പിയുടെ ശക് തികേന്ദ്രങ്ങളിലൊന്നാണ്.
നിയമസഭ കൗൺസിലേക്കുള്ള ആറ് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. മഹാവികാസ് അഗാഡി നാല് സീറ്റുകളിൽ വിജയിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.