10 സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18-ന്, ഫലം അന്നേ ദിവസം തന്നെ
text_fieldsന്യൂഡൽഹി:10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഫലം അന്നേ ദിവസം വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. നിലവിലെ അംഗങ്ങൾ ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് സീറ്റുകളിൽ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകളിൽ വീതവും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.
രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന പ്രമുഖരിൽ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്ര മന്ത്രിമാരായ രവ്നീത് സിംഗ് ബിട്ടു (രാജസ്ഥാൻ), ജോർജ് കുര്യൻ (മധ്യപ്രദേശ്), മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗ്, കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ എന്നിവർ ഉൾപ്പെടുന്നു.
വിരമിക്കുന്ന മറ്റ് അംഗങ്ങളിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള അല്ല അയോധ്യ രാമി റെഡ്ഡി, പില്ലി സുഭാഷ് ചന്ദ്രബോസ്, പരിമൾ നത്വാനി, ആന്ധ്രാപ്രദേശിലെ തെലുഗുദേശം പാർട്ടിയിൽ നിന്നുള്ള സന സതീഷ്, അരുണാചൽ പ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ നബാം റെബിയ, ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പിയുടെ രംഭായ് മൊകാരിയ, രമിലാബെൻ ബാര, നർഹരി അമീൻ, ജാർഖണ്ഡിൽ നിന്നുള്ള ബി.ജെ.പിയുടെ ദീപക് പ്രകാശ്, കർണാടകയിൽ നിന്നുള്ള ബി,ജെ.പിയുടെ കെ. നാരായൺ, ഇറണ്ണ ബി.കദാദി, മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ സുമേർ സിംഗ് സോളങ്കി, മണിപ്പൂരിലെ ബി.ജെ.പിയുടെ ലെയ്ഷെംബ സനജാവോബ, മേഘാലയയിലെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ വാൻവെയ്‌റോയ് ഖർലൂഖി, മിസോറാമിലെ മിസോ നാഷണൽ ഫ്രണ്ടിന്റെ കെ. വൻലാൽവേന, രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പിയുടെ രാജേന്ദ്ര ഗെഹ്‌ലോട്ട്, കോൺഗ്രസ് നേതാവ് നീരജ് ദാങ്കി എന്നിവരും ഉൾപ്പെടുന്നു.
24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്: പൂർണ വിവരം
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: ജൂൺ 8, 2026
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന: ജൂൺ 9, 2026
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: ജൂൺ 11, 2026
വോട്ടെടുപ്പ് നടക്കുന്ന തീയതി: ജൂൺ 18, 2026
വോട്ടെടുപ്പ് സമയം: രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ
വോട്ടെണ്ണൽ: ജൂൺ 18, 2026
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ട തീയതി: ജൂൺ 20, 2026
ഒഴിവ് വരുന്ന സീറ്റുകളുടെ വിശദവിവരങ്ങൾ
ആന്ധ്രാപ്രദേശ്(4), ഗുജറാത്ത്( 4), കർണാടക(4), രാജസ്ഥാൻ(3), മധ്യപ്രദേശ്(3), ജാർഖണ്ഡ്(2), മിസോറാം(1), മണിപ്പൂർ( 1), അരുണാചൽ പ്രദേശ(1), മേഘാലയ(1).
നിലവിൽ ഈ 24 സീറ്റുകളിൽ 16 എണ്ണം ഭരണകക്ഷിയായ എൻ.ഡി.എക്ക് ആണ്. ഇതിൽ 12 ബി.ജെ.പി അംഗങ്ങളുണ്ട്. സഖ്യകക്ഷികളായ നാഷണൽ പീപ്പിൾസ് പാർട്ടി, ജെ.ഡി.എസ്, മിസോ നാഷണൽ ഫ്രണ്ട്, തെലുഗുദേശം പാർട്ടി എന്നിവർക്ക് ഓരോ സീറ്റ് വീതമുണ്ട്. കോൺഗ്രസിൽ നിന്നുള്ള നാല് പേരും ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് ഇൻഡ്യ മുന്നണിക്ക് ഉള്ളത്. മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഷിബു സോറൻ അന്തരിച്ചതിനെ തുടർന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം, വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിക്ക് ഉപരിസഭയിൽ മൂന്ന് അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

