എസ്.ഐ.ആർ പ്രക്രിയയിൽ കമീഷന്റെ ദുരൂഹ ഇടപെടൽ
text_fieldsന്യൂഡൽഹി: എസ്.ഐ.ആർ കരട് പട്ടിക പുറത്തിറക്കിയ ശേഷം സംശയമുള്ള ലക്ഷക്കണക്കിന് അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ(ഇ.ആർ.ഒ)മാർ ഹിയറിങ് നടത്തുന്നതിനുള്ള നടപടികളിലേക്ക് കടക്കാനിരിക്കേ ഇ.ആർ.ഒമാർ അറിയാതെ തന്നെ പട്ടികയിൽ നിന്ന് സ്വമേധയാ വോട്ടർമാരെ നീക്കം ചെയ്യുന്ന തരത്തിലുള്ള സംവിധാനം ഒരുക്കിയിരിക്കുന്നുവെന്ന ഗുരുതരമായ പരാതിയുയർന്നു.
സംശയമുള്ള അപേക്ഷകളിൽ നോട്ടീസ് അയക്കാൻ ഇ.ആർ.ഒമാർക്ക് മാത്രമുള്ള നിയമപരമായ അവകാശത്തെ മറികടന്നാണ് ഇത്തരമൊരു സംവിധാനമെന്നും ഈ തരത്തിൽ കൂട്ടത്തോടെയുള്ള വോട്ടുനീക്കലിന്റെ പേരിൽ പിന്നീട് ഇ.ആർ.ഒമാരായിരിക്കും പ്രതിക്കൂട്ടിലാവുകയെന്നും പശ്ചിമ ബംഗാൾ സിവിൽ സർവിസ് (എക്സിക്യൂട്ടിവ്) അസോസിയേഷൻ പരാതി ഉന്നയിച്ചു.
പശ്ചിമ ബംഗാൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ മനോജ് അഗർവാളിന് അസോസിയേഷൻ സമർപ്പിച്ച പരാതിയുടെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ഓഫിസിലേക്കും അയച്ചിട്ടുണ്ട്.
എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷ നൽകിയ ആളുടെ പൗരത്വം അടക്കമുള്ള യോഗ്യത സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അയാൾക്ക് നോട്ടീസ് നൽകാനുള്ള പൂർണ ഉത്തരവാദിത്തം 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഇ.ആർ.ഒമാർക്ക് മാത്രമാണ്.
എന്നാൽ, നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ ഈ നിയമം മറികടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സെൻട്രലൈസ്ഡ് പോർട്ടൽ വഴി അപേക്ഷകളിൽ നോട്ടീസ് അയച്ചിരിക്കുകയാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.
തങ്ങളുടെ പേരിൽ കമീഷൻ മുൻകൂട്ടി തയാറാക്കിയ നോട്ടീസുകൾ നൽകിയെന്ന് ബിഹാറിലെ ഇ.ആർ.ഒമാർ നേരത്തെ പരാതിപ്പെട്ടിരുന്നുവെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തരത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ(ഇ.സി.ഐ) സോഫ്റ്റ്വെയർ ഇ.ആർ.ഒ അറിയാതെ അപേക്ഷകരിൽ സംശയമുള്ളതായി നോട്ടീസുകൾ സ്വമേധയാ സൃഷ്ടിച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ ഇ.ആർ.ഒ പേരുവെളിപ്പെടുത്തരുതെന്ന ഉപാധിയോടെ പറഞ്ഞുവെന്ന് പത്രം റിപ്പോർട്ട് ചെയ്തു.
കമീഷൻ ഇ.ആർ.ഒയുടെ പണി നേരിട്ട് ചെയ്ത് വോട്ടുകൾ നീക്കം ചെയ്താൽ ജനങ്ങൾ ഇ.ആർ.ഒമാർക്കെതിരെയായിരിക്കും തിരിയുകയെന്നാണ് പശ്ചിമ ബംഗാൾ സിവിൽ സർവിസ് (എക്സിക്യൂട്ടിവ്) അസോസിയേഷൻ നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

