രാജ്യമൊട്ടുക്കും വോട്ടർമാർ പൗരത്വം തെളിയിക്കണം; പൗരത്വം തെളിയിക്കൽ ആവശ്യപ്പെടാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് ഹരജിക്കാർ
text_fieldsന്യൂഡൽഹി: വോട്ടർ പട്ടികയിൽനിന്ന് പുറത്താകാതിരിക്കാൻ രാജ്യമൊട്ടുക്കുള്ള വോട്ടർമാർ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്നും അതിനായുള്ള പ്രക്രിയക്കാണ് തങ്ങൾ ബിഹാറിൽ തുടക്കം കുറിച്ചിരിക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, ബിഹാർ വോട്ടു ബന്ദിക്കെതിരെയുള്ള ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടാൻ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ ഒരു അവകാശവുമില്ലെന്ന് ബോധിപ്പിച്ചു. വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സുധാൻഷു ധുലിയ അധ്യക്ഷനായ ബെഞ്ച് ഹരജികൾ ഈ മാസം 28ലേക്ക് മാറ്റി.
രാജ്യമൊട്ടുക്കും ഈ പ്രക്രിയ നടപ്പാക്കാനായി ഒരു പുതിയ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുധാൻഷു ധുലിയ വ്യക്തമാക്കി. ഒരാൾ ഏത് നിയമസഭാ മണ്ഡലത്തിലാണോ താമസിക്കുന്നത് അവിടെ മാത്രമേ ഇനി വോട്ട് അനുവദിക്കുകയുള്ളൂ. തങ്ങൾ താമസിക്കുന്ന സ്ഥലത്ത് വോട്ടർപട്ടികയിൽ പേര് ഉണ്ടാകണമെങ്കിൽ അതിനായി ഒരു അപേക്ഷാ ഫോറം നൽകണം. അത് പൂരിപ്പിച്ച് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖ അതിനൊപ്പം സമർപ്പിക്കണം. അതിനുള്ള 11 രേഖകളുടെ സൂചനാ പട്ടികയാണ് കമീഷൻ ഇറക്കിയിരിക്കുന്നത്. സ്വഭാവിക നീതിയുടെ എല്ലാ തത്ത്വങ്ങളും പാലിച്ചായിരിക്കും കമീഷന്റെ നടപടിയെന്നും വോട്ടർപട്ടിക സംശുദ്ധമാക്കാനുള്ളതാണ് നടപടിയെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.
ദേശീയ പ്രക്രിയയെങ്കിൽ ബിഹാറിലെന്തിന് തുടങ്ങി?
വോട്ടർമാരുടെ പൗരത്വ പരിശോധന രാജ്യമൊട്ടുക്കും കമീഷൻ നടപ്പാക്കുന്ന ഒരു സ്വതന്ത്ര പ്രക്രിയ ആണെങ്കിൽ പിന്നെ ബിഹാറിൽ നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി അതിനെ ബന്ധിപ്പിക്കുന്നതെന്തിനാണെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ ചോദിച്ചു.
വോട്ടർ പട്ടിക തയാറാക്കുന്നതിന്റെ പൂർണ നിയന്ത്രണവും മേൽനോട്ടവും തെരഞ്ഞെടുപ്പ് കമീഷനാണ്. പട്ടിക നിരന്തരം പുതുക്കേണ്ടിവരും. 18 വയസ്സുള്ള പൗരനാണ് വോട്ടവകാശം എന്ന് പറഞ്ഞാൽ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കേണ്ടിവരുമെന്നും ദ്വിവേദി ബോധിപ്പിച്ചു. കമീഷനുള്ള അധികാരം മാത്രമല്ല, ബിഹാറിൽ അതിനായി കൈക്കൊണ്ട നടപടിക്രമവും തെരഞ്ഞെടുത്ത സമയവും ഹരജിക്കാർ ചോദ്യം ചെയ്യുന്നുണ്ടെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ ഇതിനോട് പ്രതികരിച്ചു.
രാജ്യമൊട്ടുക്കും വോട്ടർമാർ പൗരത്വം തെളിയിക്കണം
വോട്ടർ പട്ടിക തീവ്രപരിശോധനയെന്ന് പറഞ്ഞ് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ഇതിനെ ഖണ്ഡിച്ചു. ‘ഞങ്ങൾ പൗരന്മാരാണോ അല്ലേ എന്ന് പറയാൻ കമീഷൻ ആരാണ്? ഒരിക്കൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ട ഒരു വോട്ടറെ പുറത്താക്കാൻ അധികാരമില്ല.
പൗരത്വം തെളിയിക്കേണ്ട ബാധ്യത വോട്ടർമാരിലല്ല. മറിച്ച് ഒരു വോട്ടർ ഇന്ത്യൻ പൗരനല്ലെന്ന് കാണിക്കാവുന്ന വല്ലതും കമീഷന്റെ പക്കലുണ്ടെങ്കിൽ അവരാണത് കാണിക്കേണ്ടത്. അല്ലാതെ ഒരാൾക്ക് വോട്ടിന് അർഹതയുണ്ടോ ഇല്ലേ എന്ന് ചോദിക്കാൻ കമീഷന് അധികാരമില്ലെന്നും സിബൽ പറഞ്ഞു.
പൗരത്വം ഇല്ലാതാക്കുന്ന പ്രക്രിയയാണ് ഇതെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞു. ഒരു വോട്ടറുടെ വോട്ടവകാശം ഇല്ലാതായാൽപോലും അത് ജനാധിപത്യത്തെയും ഭരണഘടനയുടെ അടിസ്ഥാന ഘടനയെയും പ്രതികൂലമായി ബാധിക്കും. 2003ലെ വോട്ടർപട്ടിക ഈ പ്രക്രിയക്ക് അടിസ്ഥാനമാക്കുന്നതിലൂടെ അതിനുശേഷം ബിഹാറിൽ നടന്ന 10 തെരഞ്ഞെടുപ്പുകൾ തെറ്റായ പട്ടിക വെച്ചാണ് നടത്തിയതെന്ന് പറയേണ്ടിവരുമെന്നും സിങ്വി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

