ബംഗാളും എസ്.ഐ.ആറിലേക്ക്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ കമീഷൻ
text_fieldsകൊൽക്കത്ത: ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമീഷൻ പരിശീലനം നൽകും. പശ്ചിമ ബംഗാളിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എസ്.ഐ.ആറിനുള്ള തിരക്കിട്ട ഒരുക്കങ്ങൾ.
വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ സുഗമമായും കൃത്യമായും എങ്ങനെ നടത്താമെന്ന് ബൂത്ത് ലെവൽ ഓഫിസർമാരെ നയിക്കാൻ പരിശീലകർ സജ്ജരാണെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്കും വരും ദിവസങ്ങളിൽ പരിശീലനം നൽകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് ഈ ഉദ്യോഗസ്ഥർ താഴെത്തട്ടിൽ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടുന്ന ബൂത്ത് ലെവൽ ഓഫിസർമാർക്ക് പരിശീലനം നൽകും. എ.ഡി.എം, ഇ.ആർ.ഒ പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ, എസ്.ഐ.ആർ ഡ്രൈവ് സമയത്ത് ആവശ്യമായ ഫോമുകൾ പൂരിപ്പിക്കുന്നതിൽ വോട്ടർമാരെ സഹായിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ ബി.എൽ.ഒമാർക്ക് ലഭ്യമാക്കും.
ബി.എൽ.ഒമാർ സംസ്ഥാനത്തുടനീളമുള്ള വീടുകൾ സന്ദർശിച്ച് വിശദാംശങ്ങൾ പരിശോധിക്കുകയും ശരിയായ രേഖകൾ നിലവിലുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. എസ്.ഐ.ആറിന് മുമ്പുള്ള അടിസ്ഥാന പ്രവർത്തനത്തിന്റെ ഭാഗമാണിതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർ ഗ്യാനേഷ് ഭാരതി ഈ ആഴ്ച അവസാനം കൊൽക്കത്ത സന്ദർശിച്ച് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനും പരിഷ്കരണ പ്രക്രിയയുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ അവസാനമായി എസ്.ഐ.ആർ നടത്തിയ 2002ലെ വോട്ടർ പട്ടിക, 2025 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുണമെന്ന പ്രധാന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

