യമുനയിലെ വിഷ പരാമർശം; കെജ്‌രിവാളിനോട് തെളിവ് ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: യമുന നദീജലം ബോധപൂർവം വിഷലിപ്തമാക്കിയെന്ന ആരോപണത്തിന് തെളിവ് നൽകാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ.
വ്യാഴാഴ്ച പുറപ്പെടുവിച്ച നിർദേശത്തിൽ വിഷബാധയുടെ തരം, അളവ്, രീതി, മലിനീകരണം കണ്ടെത്തുന്നതിൽ ഡൽഹി ജൽ ബോർഡ് എൻജിനീയർമാരുടെ പങ്ക് എന്നിവയുൾപ്പെടെയുള്ള അവകാശവാദങ്ങൾ വ്യക്തമാക്കാൻ കമീഷൻ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു.
വിശദാംശങ്ങൾ സമർപിക്കാൻ കമീഷൻ വെള്ളിയാഴ്ച രാവിലെ 11വരെ സമയപരിധി നൽകി. യമുനയിലെ ജലത്തിൽ അമോണിയയുടെ അളവ് വർധിച്ചത് വിഷബാധയുടെ ഭാഗമാണെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയെ തുടർന്നാണ് കമീഷന്റെ പ്രതികരണം.
വിഷബാധ ആരോപണങ്ങളിൽ നിന്ന് അമോണിയ മലിനീകരണം വേർതിരിക്കാൻ കമീഷൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. രണ്ട് കാര്യങ്ങളും കൂട്ടിക്കുഴക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു. പൊതുവായ അശാന്തി ഉയർത്തുന്നതോ സമുദായങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്നതോ ആയ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിനെതിരെ കെജ്‌രിവാളിന് മുന്നറിയിപ്പും നൽകി.
ജലലഭ്യതയും വൃത്തിയും പ്രധാന ഭരണ ചുമതലകളാണെന്നും സുരക്ഷിതമായ കുടിവെള്ളം നൽകുന്നതിന് എല്ലാ സർക്കാറുകളും ഉത്തരവാദികളാണെന്നും കമീഷൻ ഊന്നിപ്പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന ജലം പങ്കിടൽ തർക്കങ്ങളിൽ, പ്രത്യേകിച്ച് സുപ്രീംകോടതിയിൽനിന്നും ദേശീയ ഹരിത ട്രൈബ്യൂണലിൽനിന്നും സ്ഥാപിതമായ നിയമപരമായ പ്രമേയങ്ങളുള്ളവയിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്നും അത് ഊന്നിപ്പറഞ്ഞു.
ഹരിയാനയിൽനിന്ന് ഡൽഹിയിലേക്ക് സംസ്‍കരണത്തിന് വിധേയമാക്കാതെ തുറന്നുവിടുന്ന വെളളം അതീവ വിഷാംശമുള്ളതാണെന്ന് വ്യക്തമാക്കി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസിന് ബുധനാഴ്ച രാവിലെ മറുപടി നൽകിയിരുന്നു. യമുനയിലെ അമോണിയയുടെ അളവ് 6.5 പി.പി.എം ആണെന്ന് കാണിച്ച് ഡൽഹി ജല ബോർഡ് സി.ഇ.ഒ ഡൽഹി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും അനുബന്ധമായി വെച്ചിരുന്നു. ഡി.ജെ.ബി ട്രീറ്റ്മെന്റ് പ്ലാന്റുകൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന 1പി.പി.എം പരിധിക്ക് വളരെ മുകളിലാണ് ഈ കണക്കെന്നും അതിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
എന്നാൽ, കെജ്‌രിവാളിന്റെ പ്രതികരണം അദ്ദേഹത്തിന്റെ ‘വിഷ’ ആരോപണങ്ങളുടെ കാതലായ പ്രശ്‌നത്തെ വേണ്ടത്ര അഭിസംബോധന ചെയ്തില്ലെന്ന് ബുധനാഴ്ച വൈകി ഇ.സി വൃത്തങ്ങൾ പ്രസ്താവിച്ചു. യമുനയിലെ അമോണിയ മലിനീകരണം ഡൽഹി, പഞ്ചാബ് സർക്കാറുകൾ മുഖവിലക്കെടുത്തിട്ടുണ്ടെങ്കിലും ‘ബോധപൂർവം വിഷം കലർത്തിയെന്ന’ കെജ്‌രിവാളിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഇ.സി ഊന്നിപ്പറഞ്ഞു.
വിഷബാധയുണ്ടെന്ന് പറയപ്പെടുന്നതിന്റെ തെളിവ്, വിഷ പദാർത്ഥത്തിന്റെ തിരിച്ചറിയൽ, അത് കണ്ടെത്തിയ വ്യക്തികളുടെ വിശദാംശങ്ങൾ, ഡൽഹിയിലെ വിതരണത്തിലേക്ക് മലിനജലം പ്രവേശിക്കുന്നത് തടയാൻ ഉപയോഗിച്ച രീതി എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് ബോഡി ആവശ്യപ്പെട്ടു.
ഹരിയാനയിൽ നിന്നുള്ള വിവേചനരഹിതമായ വ്യാവസായിക മാലിന്യം പുറന്തള്ളുന്നതാണ് യമുനയിലെ മലിനീകരണത്തിന് കാരണമെന്ന് കെജ്‌രിവാൾ ബുധനാഴ്ചത്തെ വിശദമായ മറുപടിയിൽ ആവർത്തിച്ചിരുന്നു.
മലിനീകരണം പരിഹരിക്കുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടത് കടുത്ത പൊതുജനാരോഗ്യ ഭീഷണിയിലേക്ക് നയിച്ചതായി അദ്ദേഹം വാദിച്ചു. ജലത്തിലെ ഉയർന്ന അമോണിയയുടെ അളവ് നാഡീസംബന്ധമായ തകരാറുകൾ, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാകുകയും ശിശുമരണത്തിനുള്ള ഉയർന്ന അപകടസാധ്യതയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

