Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് 'ഫോം 6' നൽകാം; 'സെക്ഷൻ 31' പ്രകാരം നടപടിയുണ്ടാകില്ല: തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ഫോം 6 നൽകാം; സെക്ഷൻ 31 പ്രകാരം നടപടിയുണ്ടാകില്ല: തെരഞ്ഞെടുപ്പ് കമീഷൻ
cancel

ന്യൂഡൽഹി: സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികൾക്ക് ശേഷമോ അതിനിടയിലോ പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട നിലവിലുള്ള വോട്ടർമാർക്ക് 'ഫോം-6' (Form-6) സമർപ്പിച്ച് പേര് വീണ്ടും ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മുമ്പ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവർ പുതിയ അപേക്ഷാ ഫോമായ ഫോം-6 നൽകിയാൽ അത് തെറ്റായ സത്യവാങ്മൂലമായി കണക്കാക്കില്ലെന്നും നിയമനടപടികൾ നേരിടേണ്ടി വരില്ലെന്നും കമീഷൻ അറിയിച്ചു.

'ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നയാൾ' എന്ന രീതിയിലുള്ള സാക്ഷ്യപ്പെടുത്തലാണ് ഫോം-6ൽ ഉള്ളത്. അതിനാൽ, മുമ്പ് വോട്ടർമാരായിരുന്നവർ ഈ ഫോം നൽകുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 31 (Section 31 of the Representation of the People Act, 1950) പ്രകാരം വ്യാജ സത്യപ്രസ്താവനയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന വലിയ ആശങ്ക നിലനിന്നിരുന്നു.

വ്യാജ പ്രസ്താവന നൽകിയാൽ തടവുശിക്ഷയോ പിഴയോ ലഭിച്ചേക്കാമെന്ന ഭയം കാരണം പലരും അപേക്ഷിക്കാൻ മടിച്ചിരുന്നു. എന്നാൽ, മറ്റൊരു മണ്ഡലത്തിലും പേരു ചേർത്തിട്ടില്ലാത്ത പക്ഷം, ഒഴിവാക്കപ്പെട്ട വോട്ടർമാർ ഫോം-6 സമർപ്പിക്കുന്നതിനെതിരെ ഒരു തരത്തിലുള്ള ശിക്ഷാനടപടികളും സ്വീകരിക്കരുതെന്ന് കമീഷൻ നിർദ്ദേശം നൽകി. ഡൽഹി ഹൈകോടതിയുടെ പ്രസക്തമായ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് കമീഷൻ ഉത്തരവിറക്കിയത്.

വോട്ടർമാർ അവരുടെ ആവശ്യാനുസരണം ഉപയോഗിക്കേണ്ട പ്രധാന ഫോമുകൾ താഴെ നൽകുന്നു:

  • ഫോം (Form) - പുതിയ വോട്ടർമാർക്കും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും പേര് ചേർക്കാൻ
  • ഫോം 6A (Form 6A) - പ്രവാസി ഇന്ത്യക്കാർക്ക് (NRI Voters) വോട്ടർപട്ടികയിൽ പേര് ചേർക്കാൻ
  • ഫോം 7 (Form 7) - വോട്ടർപട്ടികയിലെ അർഹതയില്ലാത്ത പേരുകൾ ഒഴിവാക്കാൻ തടസ്സവാദം ഉന്നയിക്കാൻ
  • ഫോം 8 (Form 8) - മേൽവിലാസം മാറ്റൽ, തിരുത്തലുകൾ, പുതിയ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ

എന്താണ് സെക്ഷൻ 31?

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മനപ്പൂർവ്വം തെറ്റായ വിവരങ്ങളോ വ്യാജ സത്യവാങ്മൂലമോ നൽകുന്നത് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. നേരത്തെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന ഒരാളുടെ പേര് ടെക്നിക്കൽ കാരണങ്ങളാലോ എസ്.ഐ.ആർ നടപടികളാലോ വിട്ടുപോയിട്ടുണ്ടെങ്കിൽ, അവർ ഫോം-6 നൽകുന്നത് സെക്ഷൻ 31ന്റെ പരിധിയിൽ വരില്ലെന്ന് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കരട് വോട്ടർപട്ടിക പരിശോധിച്ചു പേര് വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്താനും ആവശ്യമെങ്കിൽ ഉടൻ തന്നെ ഫോം-6 വഴി അപേക്ഷ സമർപ്പിക്കാനും തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരോട് അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Voter List Revision: EC Clarifies No Action Under Section 31 for Form 6
Next Story