Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് കമീഷനെതിരെ ഐക്യമുന്നണി

text_fields
bookmark_border
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ 23 പാർട്ടികൾ ഒപ്പിട്ടു
  • ഒപ്പിട്ട കക്ഷികളിൽ ഡി.എം.കെയും ആം ആദ്മി പാർട്ടിയും
തെരഞ്ഞെടുപ്പ് കമീഷനെതിരെ ഐക്യമുന്നണി
cancel

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ബി.ജെ.പി അനുകൂല നിലപാടിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് ഇൻഡ്യ സഖ്യം അയച്ച കത്തിൽ 23 പാർട്ടികളും സ്വതന്ത്ര എം.പിയായ കപിൽ സിബലും ഒപ്പിട്ടു. പ്രാദേശിക രാഷ്ട്രീയ കാരണങ്ങളാൽ വിഘടിച്ചുനിന്ന ഇൻഡ്യ മുന്നണിയിലെ കക്ഷികൾ തെരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാതിത്വ നിലപാടിനെതിരെ വീണ്ടും ഒരുമിച്ച് രംഗത്തിറങ്ങി.

തമിഴ്നാട്ടിലെ വിജയ് സർക്കാർ രൂപവത്കരണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ഇൻഡ്യ സഖ്യം വിട്ട ഡി.എം.കെയും ആഭ്യന്തര കലഹത്താൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന ആം ആദ്മി പാർട്ടിയും കത്തിൽ ഒപ്പുവെച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ഐക്യത്തിലും ഐക്യദാർഢ്യത്തിലും ചെറുത്തുനിൽപിലും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂൺ എട്ടിന് ഇൻഡ്യ സഖ്യത്തിലെ 21 പാർട്ടികളും ഒരു സ്വതന്ത്ര എം.പിയും സംബന്ധിച്ച യോഗത്തിലാണ് ചീഫ് ജസ്റ്റിസിന് സംയുക്തമായി കത്തെഴുതാൻ തീരുമാനമെടുത്തത്. എന്നാൽ, ഡി.എം.കെയും ആം ആദ്മി പാർട്ടിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇവരുടെ പിന്തുണയുണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, പൊതുവിഷയത്തിൽ ഒന്നിക്കാമെന്ന സൂചനയോടെ ഇരുകക്ഷികളും ‘ഇൻഡ്യ’യോടൊപ്പം ചേരുകയായിരുന്നു.

പ്രതിപക്ഷ കക്ഷികൾ കൂടിയാലോചന നടത്തി തയാറാക്കിയ നാല് പേജുള്ള കത്തിൽ ജുഡീഷ്യറിയുടെ മനഃസാക്ഷിയോടാണ് അഭ്യർഥനയെന്ന് നേതാക്കൾ പറഞ്ഞു. മറ്റെല്ലാം പരാജയപ്പെടുന്നിടത്ത് ഇന്ത്യൻ ജനാധിപത്യം ഉറ്റുനോക്കുക ജുഡീഷ്യറിയിലേക്കാണ്. തെരഞ്ഞെടുപ്പ് കമീഷന്‍റെ പക്ഷപാതപരമായ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് ഫലങ്ങളിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയതിനുപുറമെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സംവിധാനവും എസ്.ഐ.ആറും പ്രതിപക്ഷത്തിനെതിരെ ഉപയോഗിച്ച ഉദാഹരണങ്ങളും കത്തിൽ വിശദീകരിക്കുന്നുണ്ടെന്ന് നേതാക്കൾ വിശദീകരിച്ചു. അതേസമയം, കത്തിന്റെ പൂർണരൂപം മുന്നണി നേതാക്കൾ പുറത്തുവിട്ടിട്ടില്ല.

എസ്.ഐ.ആർ സംബന്ധിച്ച ആശങ്കകൾ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള പ്രതീകാത്മകവും അനൗപചാരികവുമായ നടപടിയായാണ് ഈ കത്തിനെ വിലയിരുത്തുന്നത്. 2026 മേയ് 27ന് ബിഹാറിലെ എസ്‌.ഐ.ആർ നടപടിയെ സുപ്രീംകോടതി ഭരണഘടനാപരമായും നിയമപരമായും സാധുവാണെന്ന് വിധിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 324-ഉം 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21(3)-ഉം തെരഞ്ഞെടുപ്പ് കമീഷന് നൽകുന്ന അധികാരപരിധിക്കുള്ളിലാണ് നടപടിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിൽ എസ്‌.ഐ.ആറിനെതിരായ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. ഇത്തരം ഹരജികളിൽ ഉൾപ്പെടുത്താൻ കഴിയാത്ത സംശയങ്ങളും ആരോപണങ്ങളും കോടതിയെ അറിയിക്കാൻ കൂടിയാണ് ‘ഇൻഡ്യ’യുടെ കത്തെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - United front against the Election Commission
Next Story