‘തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നെ ബ്രാഹ്മണനാക്കി, മുഹമ്മദ് സലീമിനെയും’; ബംഗാളിൽ എസ്.ഐ.ആർ കരടുപട്ടികയിൽ ഗുരുതര പിഴവുകളെന്ന് ആരോപണം
text_fieldsമുഹമ്മദ് സലീം
കൊൽക്കത്ത: പശ്ചിമബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിന് (എസ്.ഐ.ആർ) പിന്നാലെ പുറത്തിറക്കിയ കരടുപട്ടികയിൽ ഗുരുതര പിഴവുകളെന്ന് ആരോപണം. സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ മുഹമ്മദ് സലീമും മകൻ അതിഷ് അസീസുമാണ് ആരോപണവുമായി രംഗത്തെത്തിയത്. എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയുടെ കരടിൽ തങ്ങളെ ബ്രാഹ്മണരായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
‘ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നെ ഒരു ബ്രാഹ്മണനാക്കി, മുഹമ്മദ് സലീമിനെയും,’ കരടുവോട്ടർ പട്ടികയുടെ പകർപ്പ് പങ്കുവെച്ചുകൊണ്ട് അസീസ് ഫേസ്ബുക്കിൽ കുറിച്ചു. കുടുംബ പേര് നൽകേണ്ട കോളത്തിൽ ഇരുവർക്കും നേരെ ‘അവാസ്തി’ എന്നാണ് ബംഗാളി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മേഖലയിലെ ബ്രാഹ്മണ സമുദായക്കാർ സ്വീകരിക്കുന്ന കുടുംബപേരാണ്. അസീസിന്റെ വിവരങ്ങൾ പ്രതിപാദിക്കുന്ന കോളത്തിൽ പിതാവായ മുഹമ്മദ് സലീമിനെ ബന്ധുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
‘എന്റെ അച്ഛൻ പതിറ്റാണ്ടുകളായി ഇവിടെ സുപരിചിതനായ, അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഇത്തരമൊരു തെറ്റ് സംഭവിക്കുകയാണെങ്കിൽ, മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുകയെന്ന് ഊഹിക്കാനാവുന്നതേയുള്ളൂ.‘ അതിഷ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷവിമർശനമുയർത്തിയായിരുന്നു സലീമിന്റെ പ്രതികരണം. ‘എസ്.ഐ.ആർ പോലുള്ള ഗൗരവതരമായ പ്രക്രിയയെ തെരഞ്ഞെടുപ്പ് കമീഷൻ വളരെ അവധാനതയോടെ സമീപിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകുകയോ മുൻകൂർ തയ്യാറെടുപ്പുകൾ നടത്തുകയോ ചെയ്തിരുന്നില്ല. ചീഫ് ഇലക്ടറൽ ഓഫീസറും ചീഫ് ഇലക്ഷൻ കമ്മീഷണറും ചേർന്ന് എസ്.ഐ.ആറിനെ അസംബന്ധമാക്കി മാറ്റി,’ മൊഹമ്മദ് സലീം പറഞ്ഞു.
സി.പി.എമ്മിന്റെ ബൂത്ത് ലെവൽ ഏജന്റുമായി ബന്ധപ്പെട്ട് തിരുത്തലുകൾ വരുത്താൻ ശ്രമിക്കുമെന്ന് അതിഷ് പറഞ്ഞു. അതേസമയം, ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സമാനമായ തെറ്റുകൾ തിരുത്തുമെന്ന് ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസ് അറിയിച്ചു.
തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷൻ കരടുപട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിൽ 58 ലക്ഷം പേരുകളാണ് വെട്ടിമാറ്റിയിരിക്കുന്നത്. 24 ലക്ഷം വോട്ടർമാരെ മരണമടഞ്ഞവരായും, 19 ലക്ഷം പേരെ സ്ഥിരമായി സ്ഥലം മാറിപ്പോയവരായും 12 ലക്ഷം പേരെ കാണാനില്ലെന്നും വിലയിരുത്തിയാണ് വോട്ടർപട്ടിക പുറത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

