Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോം 6 നൽകിയാൽ കേസെടുക്കില്ല; എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് ആശ്വാസവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

text_fields
bookmark_border
election commission
cancel
camera_alt

പ്രതീകാത്മക ചിത്രം 

ന്യൂഡൽഹി: എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് ആശ്വാസമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ്. വീണ്ടും ഫോം 6 സമർപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഡൽഹിയിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

എസ്.ഐ.ആറിന് മുൻപ് പട്ടികയിൽ പേരുണ്ടായിരുന്ന ഒരാളുടെ പേര് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ മാത്രം വീണ്ടും ഫോം 6 സമർപ്പിച്ചാൽ ജനപ്രാതിനിധ്യ നിയമം 1950-ലെ 31-ാം വകുപ്പ് പ്രകാരം കേസ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, അപേക്ഷകൻ മറ്റൊരു പാർലമെന്റ് അല്ലെങ്കിൽ നിയമസഭാ മണ്ഡലത്തിൽ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടാകരുതെന്നും നൽകുന്ന സത്യപ്രസ്താവന നിയമപ്രകാരമുള്ളതായിരിക്കണമെന്നും കമ്മീഷൻ നിബന്ധന വെച്ചു.

ഫോം 6 വീണ്ടും സമർപ്പിച്ചാൽ പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്ന ആശങ്ക നിരവധി വോട്ടർമാർക്കിടയിൽ ഉണ്ടായിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ തെറ്റിദ്ധാരണ നീക്കുന്നതിനാണ് കോടതിയിൽ വിശദീകരണം നൽകിയതെന്നും കമ്മീഷൻ അറിയിച്ചു. ഇത് എല്ലാ പ്രാദേശിക ഭാഷകളിലും വ്യാപകമായി പ്രചരിപ്പിക്കാൻ ചീഫ് ഇലക്ടറൽ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

എ.എസ്.ഡി.ഡി (ഹാജരാകാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ട വോട്ടുള്ളവർ) വിഭാഗത്തിൽപ്പെട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരെ ബന്ധപ്പെട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.ആർ നടക്കുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 2026 നവംബർ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വോട്ടർമാർക്ക് നിലവിൽ താമസിക്കുന്ന സ്ഥലത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫിസർ എന്നിവർക്ക് പൂരിപ്പിച്ച എന്യൂമറേഷൻ ഫോം (അനുബന്ധം-എ) സമർപ്പിക്കാം. താമസം മാറാത്തവർ ഫോമിനൊപ്പം, നേരത്തെ ഫോം സമർപ്പിക്കാൻ കഴിയാത്തതിന്റെ കാരണം വിശദീകരിക്കുന്ന അനുബന്ധം-ബി പ്രസ്താവന കൂടി നൽകണം. രേഖകൾ നേരിട്ടോ കുടുംബാംഗങ്ങൾ മുഖേനയോ സമർപ്പിക്കാം. ഇ.സി.ഐ.നെറ്റിൽ ഇ-സൈൻ ചെയ്ത് ഓൺലൈനായും സമർപ്പിക്കാൻ സൗകര്യമുണ്ട്.

അർഹതയുള്ള ഒരു വോട്ടറുടെയും പേര് അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്നും, അതേസമയം ഇരട്ട വോട്ട് ഉണ്ടാകരുതെന്നും ഉറപ്പാക്കുകയാണ് പുതിയ നിർദേശത്തിന്റെ ലക്ഷ്യമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഒഴിവാക്കാനുള്ള കാരണങ്ങൾ സഹിതം പ്രദർശിപ്പിക്കുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് ക്രമക്കേടില്ലാതെ നടത്തുക എന്നത് തങ്ങളുടെ ഭരണഘടനാപരമായ കടമയാണെന്ന് കമ്മീഷൻ സത്യവാങ്മൂലത്തിൽ ആവർത്തിച്ചു. വലിയ തോതിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യേണ്ടതും മുഴുവൻ ഡാറ്റയും ഡിജിറ്റലായിരിക്കുന്നതുമാണ് ഈ നടപടിയിലെ പ്രധാന വെല്ലുവിളിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും യോഗ്യരായ വോട്ടർമാരെ പട്ടികയിൽ നിലനിർത്തുന്നതിൽ ശ്രദ്ധ പുലർത്തുമെന്ന് കമ്മീഷൻ ഉറപ്പ് നൽകി. എസ്.ഐ.ആർ നിയമപരമാണെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ കമ്മീഷനിലെ മൂന്ന് അംഗങ്ങളും ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും കമ്മീഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വോട്ടർ രജിസ്ട്രേഷനുള്ള നിയമപരമായ ഫോം 6-ൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Election Commission Clears Form-6
Next Story