‘നാളെ രാത്രി എട്ടിനകം തെളിവ് നൽകണം’; കുടിവെള്ളത്തിൽ വിഷം കലക്കിയെന്ന പരാമർശത്തിൽ കെജ്രിവാളിന് നോട്ടീസ് അയച്ച് കമീഷൻ
text_fieldsന്യൂഡൽഹി: കുടിവെള്ളത്തിൽ ബി.ജെ.പി വിഷം കലക്കിയെന്ന ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമീഷൻ. ബുധനാഴ്ച രാത്രി എട്ടിനകം തെളിവ് നൽകണമെന്നാവശ്യപ്പെട്ട് കമീഷൻ നോട്ടീസ് അയച്ചു.
ബി.ജെ.പി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അടിയന്തര ഇടപെടൽ. കെജ്രിവാളിനെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. ഡൽഹിയിലേക്കുള്ള കുടിവെള്ളമെടുക്കുന്ന യമുന നദിയിൽ ബി.ജെ.പി ഭരിക്കുന്ന ഹരിയാന സർക്കാർ വ്യവസായ മാലിന്യം തള്ളുന്നുവെന്ന പ്രസ്താവനയിലാണ് കെജ്രിവാളിനെതിരെ പരാതി നൽകിയത്.
പരാമർശം ഗൗരവമുള്ളതാണെന്നും സ്പർധ വളർത്തുന്നതാണെന്നും കമീഷൻ നോട്ടീസിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ഒരു മുൻ മുഖ്യമന്ത്രി ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയും കെജ്രിവാളിനെ വിമർശിച്ചു.
വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴാണ് കുടിവെള്ളം ഡൽഹി തെരഞ്ഞെടുപ്പിൽ ഓളം തീർക്കുന്നത്. ആരോപണത്തിന് പിന്നാലെ ഡൽഹി ജലബോർഡ് കെജ്രിവാളിന്‍റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കാട്ടി കത്തയച്ചു. വിഷയം ഡൽഹി ലഫ്. ഗവർണറുടെ ശ്രദ്ധയിൽപെടുത്താനും ആവശ്യപ്പെട്ടു. ഇതാണ് ബി.ജെ.പി ആയുധമാക്കിയത്. കെജ്രിവാളിന്റെ പ്രസ്താവന പ്രകോപനപരമെന്ന് ഡൽഹി ലഫ് ഗവർണർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

