‘ബി.ജെ.പി ഐ.ടി സെൽ നിർമിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ ആപ്പുകൾ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും’ -മമത ബാനർജി
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് കമീഷൻ ഉപയോഗിക്കുന്ന ആപ്പുകൾ ബി.ജെ.പിയുടെ ഐ.ടി സെൽ നിർമിച്ചതാണെന്നും അവ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
മമത നയിക്കുന്ന തൃണമൂൽ കോൺഗ്രസ്, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം സംബന്ധിച്ച് കമീഷനുമായി യുദ്ധത്തിലാണ്. കൂടാതെ കേന്ദ്ര പോൾ പാനൽ ബി.ജെ.പിയുമായി ഒത്തുകളിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അവർ ആരോപിക്കുന്നു.
‘എസ്.ഐ.ആറിനെക്കുറിച്ച് ഞാൻ പറയും തെരഞ്ഞെടുപ്പ് കമീഷൻ ‘ഭുൽഭൽ കോർച്ചേ’ (എല്ലാം തെറ്റാണ് ചെയ്യുന്നത്) എന്ന്. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി പ്രഖ്യാപിക്കുന്നു. ഓക്സിജൻ പിന്തുണയോടെ കഴിയുന്ന പ്രായമായവരെയും രോഗികളെയും വാദം കേൾക്കാൻ വിളിക്കുന്നു. അവർ ഉപയോഗിക്കുന്ന ആപ്പുകൾ ബിജെപിയുടെ ഐടി സെൽ നിർമിച്ചതാണ്, അവ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്’ - മമത പറഞ്ഞു.
തിങ്കളാഴ്ച ഗംഗാസാഗറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, എസ്.ഐ.ആറിനെതിരെ തൃണമൂൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മമത പറഞ്ഞു. തൃണമൂൽ രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയൻ, എം.പി ഡോള സെൻ എന്നിവർക്കുവേണ്ടി സെറാംപൂർ എം.പിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
‘ഇത്രയധികം ആളുകൾ പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, ഞങ്ങൾ പോളിങ് അധികാരികൾക്കെതിരെ കോടതിയിൽ അപ്പീൽ നൽകും. ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഒരു സാധാരണ മനുഷ്യനായി ഞാൻ പോകും’ - മമത ജനക്കൂട്ടത്തോട് പറഞ്ഞു.
എസ്.ഐ.ആർ നടപടിക്രമങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മമത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് മൂന്ന് തവണ കത്തെഴുതിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനം നൽകാതെ കമീഷൻ തിടുക്കത്തിൽ പ്രക്രിയയുമായി മുന്നോട്ട് പോകുകയാണെന്ന് അവർ ആരോപിച്ചു.
‘ഞാൻ സംസാരിക്കാൻ അനുമതി വാങ്ങുകയും താഴെത്തട്ടിൽ എന്താണ് സംഭവിക്കുന്നതെന്നും എത്ര പേർക്ക് മർദനമേറ്റെടുക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുകയും ചെയ്യും. ബി.ജെ.പി എന്ത് ശ്രമം നടത്തിയാലും അവർക്ക് ആവശ്യമുള്ള ഫലം ലഭിക്കില്ല’-മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

