തെരഞ്ഞെടുപ്പ് കമീഷന്റെ നിർണായക നീക്കം: കേരളമടക്കം 17 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കൽ നടപടി
text_fieldsന്യൂഡൽഹി: വിവാദമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ ) പ്രക്രിയയ്ക്കെതിരെയും വോട്ട് വെട്ടിനിരത്തലുകൾക്കെതിരെയും രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടെ, നിർണായക തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വോട്ടർപട്ടികയുടെ 'സ്പെഷ്യൽ സമ്മറി റിവിഷൻ' (എസ്.എസ്.ആർ) കമീഷൻ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെ ചരിത്രത്തിലാദ്യമായി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് 'മെഷീൻ റീഡബിൾ' സോഫ്റ്റ് കോപ്പികളായി വോട്ടർപട്ടിക ലഭ്യമാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കമീഷൻ നിർദ്ദേശം നൽകി. മുൻപ് ഇമേജ് പി.ഡി.എഫ് ഫോർമാറ്റിൽ മാത്രം നൽകിയിരുന്ന വോട്ടർപട്ടിക സെർച്ച് ചെയ്യാവുന്നതും കമ്പ്യൂട്ടറുകൾക്ക് വിശകലനം ചെയ്യാൻ സാധിക്കുന്നതുമായ രൂപത്തിൽ നൽകണമെന്നത് പ്രതിപക്ഷ പാർട്ടികളുടെ ദീർഘകാലമായുള്ള പ്രധാന ആവശ്യമായിരുന്നു. 2027 ജനുവരി 1 യോഗ്യതാ തീയതിയായി കണക്കാക്കിയാണ് ഈ പുതുക്കൽ പ്രക്രിയ നടക്കുക.
വോട്ട് വെട്ടൽ തടയാൻ കടുത്ത നിയന്ത്രണങ്ങൾ; ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ഉത്തരവാദിത്തം
പട്ടികയിൽ നിന്ന് വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നത് തടയാൻ കർശന സുരക്ഷാ മാനദണ്ഡങ്ങളാണ് കമീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഒരൊറ്റ വോട്ടറെ ഒഴിവാക്കണമെങ്കിലും ബന്ധപ്പെട്ട വ്യക്തിക്ക് ഹിയറിംഗിന് അവസരം നൽകിയ ശേഷം കാരണം വ്യക്തമാക്കി രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്:
- ഇ.ആർ.ഒമാരുടെ നേരിട്ടുള്ള പരിശോധന: ഒരു പോളിംഗ് സ്റ്റേഷനിലെ ആകെ വോട്ടർമാരുടെ 2 ശതമാനത്തിൽ കൂടുതൽ പേരുകൾ വെട്ടിമാറ്റപ്പെടുകയോ, ഒരാൾ തന്നെ അഞ്ചിലധികം വോട്ടർമാർക്കെതിരെ ഒഴിവാക്കൽ പരാതി നൽകുകയോ ചെയ്താൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നേരിട്ട് സ്ഥലത്തെത്തി ക്രോസ് വെരിഫിക്കേഷൻ നടത്തണം.
- ഫോം 7 അമിത അപേക്ഷകൾക്ക് നിയന്ത്രണം: ഒക്ടോബർ 9-ലെ ഉത്തരവ് പ്രകാരം വോട്ട് നീക്കം ചെയ്യാനുള്ള ഫോം 7 അപേക്ഷകൾക്ക് പരിധി നിശ്ചയിച്ചു. ബൂത്ത് ലെവൽ ഏജന്റുമാർക്ക് പ്രതിദിനം 10 ഫോമുകളിൽ കൂടുതൽ ബി.എൽ.ഒമാർക്ക് നൽകാനാവില്ല.
- അപേക്ഷകർക്കുള്ള സംരക്ഷണം: ആധാർ നമ്പർ നൽകുന്നത് നിർബന്ധമല്ലെന്നും, ആധാർ നൽകാത്തതിന്റെ പേരിൽ ഒരു അപേക്ഷയും നിരസിക്കരുതെന്നും വോട്ടർമാരെ ഒഴിവാക്കരുതെന്നും കമീഷൻ ആവർത്തിച്ചു.
- പോളിംഗ് ബൂത്ത് പരിധി: ഒരു ബൂത്തിലും 1,200-ൽ കൂടുതൽ വോട്ടർമാർ ഉണ്ടാകരുത്. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിലേക്ക് എത്താൻ 2 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യേണ്ടി വരരുത്.
തീയതികളും ഘട്ടങ്ങളും
നവംബർ 2: പോളിംഗ് സ്റ്റേഷനുകളുടെ പുനർനിർണയവും ക്രമീകരണവും പൂർത്തിയാക്കും.
നവംബർ 12: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
ഡിസംബർ 11 വരെ: പരാതികളും ആക്ഷേപങ്ങളും പുതിയ അപേക്ഷകളും സ്വീകരിക്കും.
ഡിസംബർ 28: പരാതികളിൽ തീർപ്പുകൽപ്പിക്കും.
2027 ജനുവരി 4: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
ആൻഡമാൻ നിക്കോബാർ, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് നവംബറിൽ എസ്.എസ്.ആർ ആരംഭിക്കുന്നത്. അതേസമയം, എസ്.ഐ.ആർ നടന്നുകൊണ്ടിരിക്കുന്നതോ അടുത്തിടെ അവസാനിച്ചതോ ആയ ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിലെയും കാലാവസ്ഥാ വ്യതിയാനമുള്ള ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെയും തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
ഭരണഘടനാ അനുച്ഛേദം 324 പ്രയോഗിച്ചു; ഉദ്യോഗസ്ഥരെ മാറ്റരുത്
ഭരണഘടനയുടെ അനുച്ഛേദം 324 നൽകുന്ന അധികാരം പ്രയോഗിച്ച്, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡി.ഇ.ഒ, ഇ.ആർ.ഒ, എ.ഇ.ആർ.ഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമീഷൻ കർശന നിർദ്ദേശം നൽകി. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് മുതൽ അന്തിമ പട്ടിക വരുന്നത് വരെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ സ്ഥലം മാറ്റരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. സ്ത്രീകൾ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ, പട്ടികവർഗക്കാർ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരെ പ്രത്യേക കരുതലോടും സഹാനുഭൂതിയോടും കൂടി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും കമീഷൻ നിർദ്ദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

