ജമ്മു കശ്മീരിലും പഞ്ചാബിലും രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsരാജ്യസഭ
ന്യൂഡൽഹി: അഞ്ച് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ജമ്മു കശ്മീരിലെ നാലും പഞ്ചാബിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പും ഫലം പ്രഖ്യാപനവും ഒക്ടോബർ 24നാണ്.
അഞ്ച് ഒഴിവുകളിലേക്ക് ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13 ആണ്. സൂക്ഷ്മപരിശോധന ഒക്ടോബർ 14ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 16. ഒക്ടോബർ 24ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിക്കും.
ഗുലാം നബി ആസാദ്, മിർ മുഹമ്മദ് ഫയാസ്, ഷംഷാർ സിങ്, നസീർ അഹമ്മദ് ലാവാ എന്നിവരുടെ കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെ 2021 ഫെബ്രുവരി മുതലാണ് ജമ്മു കശ്മീരിലെ നാല് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ജൂലൈ ഒന്നിന് ആം ആദ്മി പാർട്ടി എം.പി സഞ്ജീവ് അറോറ കാലാവധി പൂർത്തിയാകാതെ രാജിവെച്ചതിനെ തുടർന്നാണ് പഞ്ചാബിലെ രാജ്യസഭ സീറ്റിൽ ഒഴിവുവന്നത്. 2028 ഏപ്രിൽ ഒമ്പതിനാണ് അറോറയുടെ കാലാവധി അവസാനിക്കേണ്ടത്.
ജമ്മു കശ്മീരിലെ രാജ്യസഭ സീറ്റുകൾ നാല് ഒഴിവുകൾ വ്യത്യസ്തമായ മൂന്ന് കാലയളവിലുള്ളതാണ്. ഈ സാഹചര്യത്തിൽ മൂന്നു തെരഞ്ഞെടുപ്പുകൾ നടത്തി ഒഴിവ് നികത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് ഡൽഹി ഹൈകോടതിയെ സമീപിച്ചു.
ആനുപാതിക പ്രാതിനിധ്യ നിയമ പ്രകാരമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ മൂന്ന് ഒഴിവുകളും ഒറ്റ തെരഞ്ഞെടുപ്പിലൂടെ നികത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസിന്‍റെ ഹരജി കോടതി തള്ളി.
മൂന്നു സീറ്റുകൾ മൂന്നു വിഭാഗങ്ങളിലായി തരംതിരിച്ചു കഴിഞ്ഞാൽ വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ശരിയായ മാർഗം. നിലവിൽ മൂന്നു സീറ്റുകളും വ്യത്യസ്ത വിഭാഗങ്ങളിലായതിനാൽ വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

