ശിവസേന ഷിൻഡെ വിഭാഗത്തിന് 'വാളും പരിചയും' ചിഹ്നം, പേര് 'ബാലാസാഹെബാചി ശിവസേന'
text_fieldsന്യൂഡൽഹി: ശിവസേന ഷിൻഡെ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. 'രണ്ട് വാളും ഒരു പരിചയും' ആണ് തെരഞ്ഞെടുപ്പ് ചിഹ്നം. വാളും പരിചയും, സൂര്യൻ, അരയാൽ എന്നീ ചിഹ്നങ്ങൾ ഷിൻഡെ വിഭാഗം ഇന്ന് തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ സമർപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് 'രണ്ട് വാളും ഒരു പരിചയും' എന്ന ചിഹ്നം തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത്.
ഷിൻഡെ വിഭാഗം നിർദേശിച്ച ഗദ, തൃശൂലം എന്നീ ചിഹ്നങ്ങൾ മത ചിഹ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ മൂന്ന് ചിഹ്നങ്ങൾ സമർപ്പിച്ചത്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷം ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ഇരുപക്ഷത്തിനും നൽകാതെ തെരഞ്ഞെടുപ്പ് കമീഷൻ അവ മരവിപ്പിച്ചത്. യഥാർഥ ശിവസേന ആരെന്ന തർക്കത്തിൽ അന്തിമ തീരുമാനമാകും വരെയാണ് മരവിപ്പിക്കൽ.
പിന്നാലെ പുതിയ പേരുകളും ചിഹ്നങ്ങളും ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സമർപ്പിച്ചിരുന്നു. ഉദ്ധവ് പക്ഷത്തിന് 'ശിവസേന (ഉദ്ധവ് ബാലസാഹെബ് താക്കറെ)' എന്ന പേരും ഷിൻഡെ പക്ഷത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്ന പേരും അനുവദിച്ചു. 'ജ്വലിക്കുന്ന പന്ത'മാണ് ഉദ്ധവ് വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

