ദാമോദർ നദിയിൽ ഒഴുക്കിൽ പെട്ടത് 45 കിലോമീറ്റർ: ഒടുവിൽ സുരക്ഷിതമായി കരക്കെത്തി വയോധിക
text_fieldsകൊൽക്കത്ത: നദിയിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ ഒഴുക്കിൽ പെട്ട വയോധികയെ രക്ഷപ്പെടുത്തിയത് 45 കിലോമീറ്ററിനപ്പുറത്തുനിന്ന്. പശ്ചിമ ബംഗാളിൽ ദാമോദർ നദിയിൽ ഒഴുക്കിൽപ്പെട്ട 65കാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
പുർബ ബർധമാൻ ജില്ലയിലെ റെയ്‌ന പ്രദേശത്തെ ജാക്ത ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ മാതുരി ടുഡു(65) ആണ് അപകടത്തിൽ പെട്ടത്. ദാമോദർ നദിയിൽ ഒറ്റയ്ക്ക് കുളിക്കാൻ പോയതായിരുന്നു മാതുരി ടുഡുവെന്ന് പൊലീസ് പറഞ്ഞു.
ദാമോദർ വാലി കോർപ്പറേഷൻ (ഡി.വി.സി) അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് നദിയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനിടെ, കുളിക്കാൻ ഇറങ്ങിയ മാതുരി ഒഴുക്കിൽ പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തുടർന്ന്, നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ നദിയിൽ 45 കിലോമീറ്ററോളം അകലെ ടുഡുവിനെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വയോധികയെ ആദ്യം ജമാൽപൂർ ഗ്രാമീണ ആശുപത്രിയിലും തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ദീർഘനേരം വെള്ളത്തിൽ കഴിഞ്ഞതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളൊഴികെ വയോധികക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
‘ഞായറാഴ്ച ഉച്ചകഴിഞ്ഞ് നദിയിൽ കുളിക്കാനിറങ്ങുന്നതിടെ ഒഴുക്കിൽപ്പെട്ടു. ഗ്രാമവാസികൾ എന്നെ രക്ഷിക്കാൻ വരുന്നുണ്ടായിരുന്നു. ശക്തമായ ഒഴുക്കിൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന തടിപോലെ എന്തോ ഒന്നിൽ പിടിച്ച് കിടന്നാണ് രക്ഷപ്പെട്ടത്,’ ടുഡു പറഞ്ഞു.
ആരോഗ്യ പരിശോധനകൾക്ക് ശേഷം പൊലീസിന്റെ നേതൃത്വത്തിൽ വയോധികയെ കുടുംബത്തിന് കൈമാറിയതായി ജമാൽപൂർ ബ്ലോക്ക് തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് മെഹമുദ് ഖാൻ പറഞ്ഞു. ‘ഭാഗ്യം കൊണ്ടാണ് അവർ രക്ഷപ്പെട്ടത്,’ മെഹമുദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

